ന്യൂഡൽഹി: കാർഷികനിയമം പിൻവലിക്കുന്ന ബിൽ ചർച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അത്തരം കീഴ്‌വഴക്കം ഉണ്ടായിട്ടില്ലെന്ന വാദത്തോടെ തള്ളിയതിനെതിരേ കോൺഗ്രസ്.

പിൻവലിക്കൽ ബില്ലുകൾ പാർലമെന്റ് ഒരിക്കലും ചർച്ചചെയ്തിട്ടില്ലെന്ന സർക്കാർ വാദം കള്ളമാണെന്ന് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. അത്തരം 17 സംഭവങ്ങൾ മുമ്പുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നാക്കവിഭാഗങ്ങൾക്കായുള്ള ദേശീയ കമ്മിഷൻ ബില്ലും ഭരണഘടന (123-ാം ഭേദഗതി ബിൽ) ബില്ലുകൾ 2017-ൽ പിൻവലിച്ചതുമാണ് ഒടുവിലത്തേത്. ഇത് ആദ്യ മോദി സർക്കാരിന്റെ കാലത്താണ്.

1999 മുതൽ 2004 വരെയുള്ള എ.ബി. വാജ്പേയി സർക്കാർ കാലത്തും നിയമങ്ങൾ പിൻവലിക്കാനുള്ള ചർച്ചകൾ നടന്നു. ദീനാവസ്ഥയിലുള്ള വ്യവസായ സ്ഥാപനങ്ങൾ (പ്രത്യേക വ്യവസ്ഥകൾ) റദ്ദാക്കൽ ബിൽ-2003, വ്യാവസായിക വികസന ബാങ്ക് (കൈമാറ്റം ചെയ്യലും പിൻവലിക്കലും) ബിൽ-2003, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ട്രാൻസ്ഫർ ഓഫ് അണ്ടർടേക്കിങ് ആൻഡ് റിപ്പീൽ) ബിൽ- 2002, ഇരുമ്പ്, ഉരുക്ക് കമ്പനികൾ (അമാൽഗമേഷൻ ആൻഡ് ടേക്ക്ഓവർ നിയമങ്ങൾ) റദ്ദാക്കൽ ബിൽ-2000, ജുഡീഷ്യൽ അഡ്മിനിസ്ട്രേഷൻ നിയമങ്ങൾ (റദ്ദാക്കുക) ബിൽ-2000, കോട്ടൺ ക്ലോത്ത് (അസാധുവാക്കൽ) നിയമം-2000 എന്നീ ബില്ലുകളിൽ ഇക്കാലത്ത് ചർച്ചകൾ നടന്നു.

മറ്റുനിയമങ്ങൾ ചുവടെ:

* ഡിസ്പേസ്ഡ് പേഴ്‌സൺസ് ക്ലെയിം-2004 ബിൽ റദ്ദാക്കൽ, ട്രിബ്യൂണലുകളുടെ നിയമവിരുദ്ധ കുടിയേറ്റ നിർണയം-1991 റദ്ദാക്കൽ ബിൽ, സ്വർണം (നിയന്ത്രണം) റദ്ദാക്കൽ ബിൽ-1990, പഞ്ചസാര കയറ്റുമതി പ്രോത്സാഹന (അസാധുവാക്കൽ) ബിൽ- 1990, കോൾ മൈൻസ് ലേബർ വെൽഫെയർ ഫണ്ട് റദ്ദാക്കൽ ബിൽ-1986, ഹിന്ദു വിധവകളുടെ പുനർവിവാഹം (റദ്ദുചെയ്യൽ) ബിൽ-1982, പ്രത്യേക കോടതി (റദ്ദാക്കുക) ബിൽ-1980, ഡൽഹി, അജ്മീർ റെന്റ് കൺട്രോൾ (നസിറാബാദ് കന്റോൺമെന്റ് പിൻവലിക്കൽ) ബിൽ - 1967, ഉത്തർപ്രദേശ് കന്റോൺമെന്റുകൾ (വാടകയുടെയും കുടിയൊഴിപ്പിക്കലിന്റെയും നിയന്ത്രണം) റദ്ദാക്കൽ ബിൽ - 1971.