ഹൈദരാബാദ്: തുടർച്ചയായ അത്യുഷ്ണത്തിൽ തെലങ്കാന തിളയ്ക്കുകയാണ്. ഒപ്പം ഒരു കോടിയിലധികം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഹൈദരാബാദ് നഗരവും. തെലങ്കാനയിൽ താപനില 48 ഡിഗ്രി സെൽഷ്യസിലെത്തി. ഹൈദരാബാദിലെ താപനില 44 ഡിഗ്രി വരെ എത്തിയിട്ടുണ്ട്. രാത്രിയിൽ താപനില 32 ഡിഗ്രിയിൽ താഴുന്നില്ല. തെലങ്കാനയിലെ മറ്റു നഗരങ്ങളിലും സ്ഥിതി ഇതുതന്നെ. കത്തിക്കാളുന്ന വെയിലിൽ ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുന്നു.

കുടിവെള്ളക്ഷാമം വലുതായിട്ടില്ലെങ്കിലും വോൾട്ടേജ് വ്യതിയാനം പലയിടത്തും രൂക്ഷമാണ്. രാമഗുണ്ടത്തു താപനില 48 ഡിഗ്രിയാണ്‌. ഈ ദശാബ്ദത്തിലെ ഏറ്റവും കൂടിയ ചുടാണിത്. നൽഗൊണ്ട, നിസാമാബാദ്, ഖമ്മം, മെഹബൂബ്‌നഗർ ജില്ലകളും പകൽ വെന്തുരുകുകയാണ്. പകൽ 11 മണി കഴിഞ്ഞാൽ 4 മണി വരെ ട്രാഫിക് നിശ്ചലം. സർക്കാർ മുൻകരുതലുകൾ എടുത്തതിനാൽ കുടിവെള്ളക്ഷാമവും വൈദ്യുതിമുടക്കവും ഇല്ലെന്നുതന്നെ പറയാം, പ്രത്യേകിച്ചും ഹൈദരാബാദിൽ. അടുത്ത മൂന്നുദിവസംകൂടി അത്യുഷ്ണം തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു.

തൊട്ടടുത്ത ആന്ധ്രയിലെ സ്ഥിതിയും വ്യത്യസ്തമല്ല. കൃഷ്ണ, ഗുണ്ടുർ, പ്രകാശം, നെല്ലൂർ, ചിറ്റൂർ, കഡപ്പ, കുർണൂൽ, വിജയനഗരം ജില്ലകളിൽ താപനില 45-47 ഡിഗ്രി സെൽഷ്യസ് ആണ്‌. മറ്റ് ജില്ലകളിലും കനത്ത വേനലാണ്. ശ്രീകാകുളം ജില്ലയിലും പശ്ചിമ-കിഴക്കൻ ഗോദാവരി ജില്ലകളിലും അത്യുഷ്ണം തുടരുന്നു.