ഹൈദരാബാദ്: പത്തുവയസ്സുള്ള മകന്റെ ചേതനയറ്റ ശരീരവുമായി കോരിച്ചൊരിയുന്ന മഴയത്ത് യുവതി തെരുവില്‍ കഴിച്ചുകൂട്ടിയത് ഒരു രാത്രി മുഴുവന്‍. ഹൈദരാബാദിലെ വെങ്കടേശ്വര്‍ നഗറിലാണ് ദാരുണസംഭവം. !!കുകട്പ്പള്ളി സ്വദേശി ഈശ്വരമ്മയ്ക്കാണ് മകന്‍ സുരേഷിന്റെ മൃതദേഹവുമായി തെരുവിലിരിക്കേണ്ടിവന്നത്. മൃതദേഹം വീട്ടില്‍ കയറ്റുന്നത് അശുഭകരമാണെന്നു പറഞ്ഞ് വാടകവീടിന്റെ ഉടമ വിലക്കുകയായിരുന്നു.

ഡെങ്കിപ്പനി ബാധിച്ച് സര്‍ക്കാര്‍ ആസ്​പത്രിയില്‍ ചികിത്സയിലായിരുന്ന സുരേഷ് ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്. മകന്റെ മൃതദേഹവുമായി വാടകവീട്ടിലേക്കെത്തിയ ഇവരെ വീട്ടുടമസ്ഥന്‍ ജഗദീഷ് ഗുപ്ത തടയുകയായിരുന്നു. മകളുടെ വിവാഹം അടുത്തിടെ കഴിഞ്ഞതാണെന്നും അതിനാല്‍ മൃതദേഹം വീട്ടിനുള്ളില്‍ കയറ്റരുതെന്നുമായിരുന്നു ജഗദീഷ് പറഞ്ഞത്.

അലിവുതോന്നിയ നാട്ടുകാര്‍ കൊണ്ടുവന്ന ടാര്‍പ്പോളിനുപയോഗിച്ചാണ് മഴനനയാതെ മൃതദേഹം മൂടിയത്. ഇളയമകനും ഈശ്വരമ്മയ്‌ക്കൊപ്പമുണ്ടായിരുന്നു. നാട്ടുകാര്‍ പണം സ്വരൂപിച്ചാണ് പിന്നീട് കുട്ടിയുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്.

മഹബൂബ് നഗര്‍ സ്വദേശിയായ യുവതി മക്കള്‍ക്കൊപ്പം നാലുവര്‍ഷമായി ജഗദീഷ് ഗുപ്തയുടെ വീട്ടില്‍ വാടകയ്ക്ക് കഴിഞ്ഞുവരികയായിരുന്നു.