
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ ഡോ. സെയ്ഫുള്ളയെ ഞായറാഴ്ച സുരക്ഷാസേന വധിച്ചു. കശ്മീർ താഴ്വരയിലെ ഒട്ടേറെ ഭീകരാക്രമണങ്ങളിൽ പങ്കാളിയായ ഇയാളെ ശ്രീനഗറിന്റെ പ്രാന്തപ്രദേശത്തു നടന്ന ഏറ്റുമുട്ടലിലാണു വധിച്ചത്. സെയ്ഫുള്ളയെ വധിക്കാനായത് സേനയുടെയും പോലീസിൻറെയും വൻവിജയമാണെന്ന് കശ്മീർ ഐ.ജി. വിജയ് കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
കഴിഞ്ഞവർഷം മേയിൽ റിയാസ് നായികൂ കൊല്ലപ്പെട്ടതോടെയാണ് സെയ്ഫുള്ള സംഘടനയുടെ തലവനാകുന്നത്. ദക്ഷിണകശ്മീരിൽ നിന്നെത്തി സെയ്ഫുള്ള ഒരു വീട്ടിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന് നേരത്തേ രഹസ്യവിവരം കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രംഗ്രൂട് മേഖലയിൽ പോലീസ്, സൈനിക സംഘം തിരച്ചിൽ നടത്തി. ഭീകരർ വെടിയുതിർത്തതോടെ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു.
ആയുധങ്ങളും സ്ഫോടകവസ്തുക്കളും പ്രദേശത്തുനിന്ന് കണ്ടെടുത്തു. ഭീകരനെന്ന് സംശയിക്കുന്ന ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
content highlights: Hizbul commander Saifullah killed