ലഖ്‌നൗ: ഗോരഖ്പുര്‍ ജയിലിലെ 23 തടവുകാര്‍ക്ക് എച്ച്.ഐ.വി. ബാധിച്ചതായി കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ ജയിലുകളില്‍ ആരോഗ്യപരിശോധന കര്‍ശനമാക്കാന്‍ യു.പി. സര്‍ക്കാര്‍ ഉത്തരവിട്ടു.

ജയിലില്‍ ആരോഗ്യക്യാമ്പുകള്‍ നടത്താനും പദ്ധതിയായിട്ടുണ്ട്. 400 തടവുകാരില്‍ പരിശോധന നടത്തിയെന്നും കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ജയിലധികൃതര്‍ പറഞ്ഞു. 1400 പേരാണ് ഗോരഖ്പുര്‍ ജയിലില്‍ ഉള്ളത്. എയ്ഡ്‌സ് ബാധിച്ചത് ഏതുസാഹചര്യത്തില്‍ എന്നതുസംബന്ധിച്ച് പറയാനാകില്ലെന്ന് ജയില്‍ മേധാവി രമദാനി മിശ്ര വ്യക്തമാക്കി. യു.പി. എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

എച്ച്.ഐ.വി. ബാധിതരായ 23 പേരും ബി.ആര്‍.ഡി. മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്തെ മുഴുവന്‍ ജയിലുകളിലും എയ്ഡ്‌സ് പരിശോധനകള്‍ കാര്യക്ഷമമാക്കുമെന്ന് ജയില്‍ ഐ.ജി. പ്രമോദ് കുമാര്‍ മിശ്ര വ്യക്തമാക്കി.

യു.പി.യിലെ ഉന്നാവില്‍ ബംഗര്‍മോവ് താലൂക്കില്‍ 58 പേര്‍ക്ക് എച്ച്.ഐ.വി. ബാധിച്ചത് വന്‍ വിവാദമായിരുന്നു. വ്യാജഡോക്ടര്‍ ഒരേ സിറിഞ്ചുപയോഗിച്ച് പലരില്‍ കുത്തിവെപ്പ് നടത്തിയതാണ് ഇവിടെ വൈറസ് പടരാന്‍ ഇടയാക്കിയത്.