ന്യൂഡല്‍ഹി: എച്ച്.ഐ.വി.-എയ്ഡ്‌സ് രോഗബാധിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരോടുള്ള വിവേചനം അവസാനിപ്പിക്കാനുമുള്ള നിയമം പ്രാബല്യത്തില്‍ വന്നു. പാര്‍ലമെന്റ് പാസാക്കിയ ബില്ലിന് രാഷ്ട്രപതി അംഗീകാരം നല്‍കി.

എച്ച്.ഐ.വി.-എയ്ഡ്‌സ് ബാധിതര്‍ക്കെതിരെ വിദ്വേഷപ്രചാരണം നടത്തുന്നവര്‍ക്ക് മൂന്നുമാസത്തില്‍ കുറയാത്ത തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷയായി ലഭിക്കും. ശിക്ഷാകാലാവധി രണ്ടുവര്‍ഷംവരെ നീട്ടാം.

രോഗബാധിതരോട് തൊഴിലിടങ്ങളില്‍ പുലര്‍ത്തുന്ന വിവേചനം അവസാനിപ്പിക്കാനും വ്യവസ്ഥയുണ്ട്. ഇവരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടാലോ ജോലി നല്‍കാതിരുന്നാലോ നിയമപ്രകാരം നടപടി നേരിടേണ്ടിവരും. വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കും മറ്റെല്ലാ പൗരന്‍മാര്‍ക്കും ലഭിക്കുന്ന പരിഗണനതന്നെ ഇവര്‍ക്കും നല്‍കണം.

വീടുകള്‍ വാടകയ്ക്ക് നല്‍കാതിരിക്കാനോ താമസസ്ഥലം അനുവദിക്കാതിരിക്കാനോ പാടില്ല. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലെ ക്യൂവില്‍നിന്ന് മാറ്റിനിര്‍ത്തരുത്. ആരോഗ്യ പരിരക്ഷാപദ്ധതികളില്‍ കാണിക്കുന്ന വിവേചനത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നിലധികം ആളുകള്‍ പങ്കിടുന്ന വീടുകളില്‍ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതിന് ഇവര്‍ക്ക് അര്‍ഹതയുണ്ടാകും.

രോഗികളുടെ സമ്മതമില്ലാതെയും അവരെ ബോധ്യപ്പെടുത്താതെയും ഒരു പരിശോധനയും ചികിത്സയും നടത്തരുത്. എച്ച്.ഐ.വി. ബാധിതരാണോ എന്ന് വെളിപ്പെടുത്താന്‍ ആരെയും നിര്‍ബന്ധിക്കാനാവില്ല. ഇത്തരം വിവരങ്ങള്‍ വെളിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് തോന്നുന്ന ഘട്ടത്തില്‍ കോടതി ഉത്തരവിലൂടെമാത്രമേ നിര്‍ദേശിക്കാനാകൂ. എച്ച്.ഐ.വി.-എയ്ഡ്‌സ് പരിശോധനാസൗകര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒരുക്കണം. സ്ഥാപനങ്ങളില്‍ നടപ്പാക്കേണ്ട മാതൃക എച്ച്.ഐ.വി.-എയ്ഡ്‌സ് നയം കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്യണം.

മറ്റ് പ്രധാന വ്യവസ്ഥകള്‍

* എച്ച്.ഐ.വി.-എയ്ഡ്‌സ് ബാധിതരോട് ജീവിച്ചിരിക്കുമ്പോഴും മരണശേഷവുമുള്ള വിവേചനത്തിന് നിരോധനം.

* ശവസംസ്‌കാരച്ചടങ്ങുകള്‍ നിഷേധിക്കുക, ശവസംസ്‌കാരത്തിന് സ്ഥലം നിഷേധിക്കുക, പൊതുസ്ഥലങ്ങളില്‍ പ്രവേശനം വിലക്കുക, പൊതുവഴിയും കുളിസ്ഥലങ്ങളും ഉപയോഗിക്കുന്നത് നിഷേധിക്കുക, വിദ്യാലയങ്ങളില്‍ പ്രവേശനം വിലക്കുക എന്നിവ ശിക്ഷാര്‍ഹമായ വിവേചനങ്ങളാണ്.

* എച്ച്.ഐ.വി. പോസിറ്റീവ് ആയവര്‍ക്ക് മാത്രമല്ല അവര്‍ക്കൊപ്പം താമസിക്കുന്നവര്‍ക്കും മുമ്പ് താമസിച്ചവര്‍ക്കും സംരക്ഷണം. എച്ച്.ഐ.വി. ബാധിതരോ ബാധിതരുടെ മക്കളോ ആയ കുട്ടികള്‍ക്ക് പ്രത്യേക പരിഗണനയും സംരക്ഷണവും .

* എച്ച്.ഐ.വി.-എയ്ഡ്‌സ് ബാധിത കുടുംബത്തില്‍ ഒന്നിലധികം കുട്ടികളുണ്ടെങ്കില്‍ 12 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള കുട്ടിക്ക് സ്‌കൂള്‍ പ്രവേശനം, ബാങ്ക് അക്കൗണ്ട് തുറക്കല്‍, സ്വത്ത് കൈകാര്യം ചെയ്യല്‍ തുടങ്ങിയവയില്‍ മറ്റു കുട്ടികളുടെ രക്ഷിതാവായി പ്രവര്‍ത്തിക്കാന്‍ അവകാശമുണ്ടാകും.