ന്യൂഡൽഹി : ന്യൂനപക്ഷ-ഭൂരിപക്ഷ വോട്ടുബാങ്ക് സമവാക്യങ്ങൾ സജീവമാക്കി ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് ലക്ഷ്യമിട്ട് ബി.ജെ.പി. രാഹുൽഗാന്ധിയുടെ വയനാട് സ്ഥാനാർഥിത്വ പ്രഖ്യാപനം വന്നതോടെയാണ് ഹിന്ദുത്വകാർഡിറക്കി നേരിടാനുള്ള ബി.ജെ.പി. തീരുമാനം.

ഹിന്ദുക്കൾക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ മത്സരിക്കാൻ കോൺഗ്രസ് നേതാക്കൾ ഭയപ്പെടുന്നെന്നും ഹിന്ദുക്കൾ ന്യൂനപക്ഷമായ മണ്ഡലങ്ങളിൽ മത്സരിക്കാൻ അവർ പരക്കം പായുകയാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശം ഇതിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഉടനീളം ഈ വിഷയം ഉന്നയിക്കാനാണ് പാർട്ടി തീരുമാനം.

മഹാരാഷ്ട്രയിലെ വാർധയിൽ ബി.ജെ.പി -ശിവസേന പാർട്ടികളുടെ യോഗത്തിലാണ് രാഹുൽഗാന്ധിയുടെ പേര് പരാമർശിക്കാതെ പ്രധാനമന്ത്രി സ്ഥാനാർഥിത്വ വിഷയം അവതരിപ്പിച്ചത്.

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നത് അമേഠിയിലെ തോൽവി ഭയന്നാണെന്നായിരുന്നു ഞായറാഴ്ച ബി.ജെ.പി. നേതാക്കൾ പ്രതികരിച്ചത്. എന്നാൽ തിങ്കളാഴ്ച ഈ വിഷയത്തിൽ തന്ത്രപരമായി ഹിന്ദുത്വ രാഷ്ട്രീയം കലർത്തി. കോൺഗ്രസ് ന്യൂനപക്ഷ വോട്ട് ബാങ്ക് പ്രീണനം തുടരുകയാണെന്നും ഇതിന്റെ ഭാഗമാണ് രാഹുൽഗാന്ധിയുടെ മണ്ഡലം മാറ്റം എന്നുള്ള പ്രചാരണത്തിനാണ് ബി.ജെ.പി. ഒരുങ്ങുന്നത്. സർക്കാർ നയങ്ങളെത്തുടർന്ന് ബി.ജെ.പി.യിൽനിന്ന് അകന്ന ചില ഹിന്ദുവിഭാഗങ്ങളെ ഉണർത്തി അനുകൂലമാക്കാനിത് സഹായിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇതോടൊപ്പം, മറ്റു പാർട്ടികളിലെ ഹിന്ദുവോട്ടർമാരെ ആകർഷിക്കാമെന്നും അതുവഴി ഹിന്ദുത്വ വോട്ടുബാങ്കിന്റെ ഏകീകരണത്തിന് വഴിവയ്ക്കാമെന്നും ബി.ജെ.പി. കരുതുന്നു. ഉത്തരേന്ത്യയിൽ ഈ നീക്കം കാര്യമായി ഗുണംചെയ്യുമെന്നാണ് പ്രതീക്ഷ.

ഭൂരിപക്ഷത്തോടുള്ള അവഗണന, ന്യൂനപക്ഷപ്രീണനം, ഹിന്ദു ഭീകരരെന്ന ആരോപണം തുടങ്ങിയ വിഷയങ്ങൾ പ്രചാരണത്തിൽ ഉടനീളം ഉയർത്താനാണ് തീരുമാനം. ഇതോടൊപ്പം രാഹുൽഗാന്ധിയുടെ സ്ഥാനാർഥിത്വവും ചർച്ചയാക്കും. സംത്ധൗത എക്സ്പ്രസ് തീവണ്ടി സ്ഫോടനം ഹിന്ദു ഭീകരവാദമായിരുന്നെന്ന് കോൺഗ്രസ് മന്ത്രിമാർ ആരോപണമുന്നയിച്ചെന്നും ഇത് ഹിന്ദു സമൂഹത്തെ അധിക്ഷേപിക്കലാണെന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കംമുതൽ ബി.ജെ.പി. ആരോപിക്കുന്നുണ്ട്.

ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ മത്സരിക്കാൻ കോൺഗ്രസ് നേതാക്കൾക്ക് ഭയമാണെന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്. കാരണം, ഹിന്ദുഭീകരത എന്ന പദം ഉപയോഗിച്ച് രാജ്യത്തെ ഹിന്ദുക്കളെ മുഴുവൻ ഇവർ അപമാനിച്ചിരിക്കുന്നു. അതിനാൽ ഹിന്ദുക്കൾ കോൺഗ്രസിനെ ശിക്ഷിക്കുമെന്ന് നേതാക്കൾക്ക് അറിയാം. അതുകൊണ്ട് ഭൂരിപക്ഷ സമുദായത്തിന് മേധാവിത്വമുള്ള മണ്ഡലങ്ങളിൽ മത്സരിക്കാതെ, ഭൂരിപക്ഷ വിഭാഗക്കാർ ന്യൂനപക്ഷമായ മണ്ഡലങ്ങളിൽ മത്സരിക്കാനായി നേതാക്കൾ പരക്കംപായുകയാണെന്ന്് മോദി പരിഹസിച്ചു.

സംത്ധൗത തീവണ്ടി സ്ഫോടനത്തിൽ ഉൾപ്പെട്ട ലഷ്‌കർ ഇ തൊയ്ബയ്ക്ക് കോൺഗ്രസ് ക്ലീൻ ചിറ്റ് നൽകിയെന്നും ഹിന്ദുക്കൾക്ക് ഭീകരവാദികളുടെ മുദ്രചാർത്തിയെന്നും അമിത് ഷായും ആരോപിച്ചു.

content highlights: Hindutva Card bjp, rahul gandhi, loksabha election,congress