അലിഗഢ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71-ാം രക്ഷസാക്ഷിത്വദിനം രാജ്യമെങ്ങും ആചരിച്ചപ്പോൾ ഗാന്ധിവധം പുനരാവിഷ്കരിച്ച്, അതാഘോഷമാക്കി ഹിന്ദുമഹാസഭ. അലിഗഢിൽ ഗാന്ധിജിയുടെ ചിത്രത്തിനുനേർക്ക് കൃത്രിമത്തോക്കുപയോഗിച്ച് വെടിവെച്ചാണ് ‍ഞെട്ടിപ്പിക്കുന്നതരത്തിൽ ഹിന്ദുമഹാസഭ ഗാന്ധിവധം പുനരാവിഷ്കരിച്ചത്. സംഘടനയുടെ ദേശീയ സെക്രട്ടറി പൂജാശകുൻ പാണ്ഡെയാണ് ചിത്രത്തിലേക്കു നിറയൊഴിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.

ഗാന്ധിവധം ആഘോഷിക്കാൻ ആഹ്വാനംചെയ്ത് പൂജാശകുൻ, ഗാന്ധിയുടെ ഘാതകൻ നാഥൂറാം വിനായക് ഗോഡ്സെയുടെ പ്രതിമയിൽ മാലചാർത്തുകയും മധുരപലഹാരം നൽകുകയും ചെയ്തു. കാവിവസ്ത്രംധരിച്ച അവർ ചിരിച്ചുകൊണ്ട് ഗാന്ധിജിയുടെ ചിത്രത്തിനുനേരെ വെടിവെക്കുകയും അപ്പോൾ രക്തത്തിനുസമാനമായി ചുവന്നദ്രാവകം ചിത്രത്തിൽനിന്നു വീഴുകയും ചെയ്യുന്നു.

രാജ്യംമുഴുവൻ സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിയുടെ സംഭാവനകളെ പ്രകീർത്തിച്ചപ്പോൾ പാകിസ്താൻറെ പിറവിയിലേക്ക് നയിച്ച വിഭജനത്തിന്റെ കാരണക്കാരനായാണ് ഹിന്ദുമഹാസഭ മഹാത്മാവിനെ ചിത്രീകരിച്ചത്.

ഹിന്ദുമഹാസഭ ജനുവരി 30 ‘ശൗര്യ ദിവസ്’ ആയി ആഘോഷിക്കാറുണ്ട്. ഗോഡ്സെയെ ആരാധിക്കാറുണ്ടെങ്കിലും ഇത്രയും ഹീനമായി ‘ഗാന്ധിവധം’ ആഘോഷിക്കുന്നത് ആദ്യമായാണ്.

1949 നവംബർ 15-നാണ് ഗാന്ധിജിയെ വധിച്ച കേസിൽ ഹിന്ദുമഹാസഭാ നേതാവായ ഗോഡ്സെയെ തൂക്കിലേറ്റിയത്.

Content Highlights: Hindu Mahasabha leader ‘recreates’ Mahatma Gandhi’s assassination on Martyrs’ Day