ന്യൂഡല്‍ഹി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലടക്കം ഹിന്ദി നിര്‍ബന്ധമാക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കുന്നു. സര്‍ക്കാര്‍ തലത്തിലുള്ള കത്തിടപാടുകള്‍ ഉള്‍പ്പെടെ ഹിന്ദിയിലാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഔദ്യോഗികഭാഷാ പാര്‍ലമെന്ററി സമിതി 19 മുതല്‍ 23 വരെ കേരളം സന്ദര്‍ശിക്കും.

സംസ്ഥാനത്തെ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ആശയവിനിമയം ഹിന്ദിയിലാക്കുന്നതു സംബന്ധിച്ചാണ് സമിതി മുഖ്യമായും ചര്‍ച്ച നടത്തുക. ഹിന്ദി പ്രോത്സാഹിപ്പിക്കാനെന്ന മട്ടില്‍ ഹിന്ദി അടിച്ചേല്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നാണു വിലയിരുത്തല്‍.

ഹിന്ദിപ്രോത്സാഹനം ചര്‍ച്ച ചെയ്യാനായി കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തിലാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായാണ് കേരളസന്ദര്‍ശനം. ആശയവിനിമയം ഹിന്ദിയിലാക്കുന്നതിനെക്കുറിച്ച് പൊതുമേഖലാ സ്ഥാപന മേധാവികളുമായാണ് ചര്‍ച്ച.

നിര്‍ദേശങ്ങള്‍ ഇങ്ങനെ
  • കേന്ദ്രസര്‍ക്കാര്‍ വിവിധ വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുമായി നടത്തുന്ന ആശയവിനിമയം ഹിന്ദിയിലാക്കണം.
  • സംസ്ഥാന സര്‍ക്കാരുകള്‍ കത്ത് നല്‍കുന്നത് ഇംഗ്ലീഷിലാണെങ്കില്‍പോലും കേന്ദ്രത്തിന്റെ മറുപടി ഹിന്ദിയിലാവണം.
  • കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിലെ ആശയവിനിമയങ്ങളെല്ലാം ഹിന്ദിയിലായിരിക്കണം.
  • ഹിന്ദിയല്ലാത്ത ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ 65 ശതമാനം ആശയവിനിമയവും ഹിന്ദിയിലാവണം.
  • കേന്ദ്രത്തിനയയ്ക്കുന്ന കത്തുകളും രേഖകളും ഇംഗ്ലീഷടക്കമുള്ള മറ്റു ഭാഷകളിലാണെങ്കില്‍ താഴെ ഹിന്ദിയില്‍ പേരെഴുതി ഒപ്പിടണം.
  • എല്ലായിടത്തും ഹിന്ദി വായനശാലകള്‍ സ്ഥാപിക്കണം. മറ്റു ഭാഷകളിലുള്ള വായനശാലകളില്‍ ഹിന്ദി പുസ്തകങ്ങള്‍ക്കായി പ്രത്യേകം ഇടമൊരുക്കണം.
പരസ്യങ്ങളും ഹിന്ദിയില്‍

സര്‍ക്കാര്‍ പരസ്യങ്ങള്‍ പരമാവധി ഹിന്ദിയില്‍ നല്‍കാനുള്ള തീരുമാനം നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാര്‍ പരസ്യം നല്‍കുന്നതിനായി സംസ്ഥാനങ്ങളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിച്ചിട്ടുണ്ട്. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളാണ് എ വിഭാഗത്തില്‍. മാതൃഭാഷയ്ക്കുപുറമേ ഹിന്ദിയും സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ ബി വിഭാഗത്തിലും ഹിന്ദിയല്ലാത്ത ഭാഷകള്‍ സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ സി വിഭാഗത്തിലുമാണ്. കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സി വിഭാഗത്തിലാണ്.

പരസ്യങ്ങളില്‍ പകുതിയും എ വിഭാഗത്തിനു ലഭിക്കും. പ്രാദേശികഭാഷകളില്‍ 30 ശതമാനവും ഇംഗ്ലീഷില്‍ 20 ശതമാനവും സര്‍ക്കാര്‍ പരസ്യം നല്‍കിയാല്‍ മതിയെന്നാണു ധാരണ. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമമന്ത്രാലയം കഴിഞ്ഞ ഒരു കൊല്ലത്തിനിടെ 200 കോടി രൂപയുടെ പരസ്യം നല്‍കിയിട്ടുണ്ട്. അതില്‍ നൂറുകോടിയുടെ പരസ്യവും ഹിന്ദിയിലായിരുന്നു. മറ്റു ഭാഷാമാധ്യമങ്ങളിലും ഹിന്ദിയില്‍ പരസ്യം നല്‍കാന്‍ പ്രോത്സാഹിപ്പിക്കണമെന്നാണ് മറ്റൊരു നിര്‍ദേശം.

റിപ്പോര്‍ട്ട് പരിഗണിക്കുന്നത് രാഷ്ട്രപതി

1963-ലെ ഔദ്യോഗികഭാഷാ നിയമമനുസരിച്ചു രൂപവത്കരിച്ചതാണ് പാര്‍ലമെന്ററി സമിതി. കേന്ദ്ര ആഭ്യന്തരമന്ത്രിയാണ് അധ്യക്ഷന്‍. ഓരോ ലോക്‌സഭാ കാലയളവിലും അതത് കേന്ദ്രസര്‍ക്കാരുകള്‍ സമിതി പുനഃസംഘടിപ്പിക്കാറുണ്ട്. മറ്റു പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ പോലെയല്ല ഈ സമിതിയുടെ പ്രവര്‍ത്തനരീതി. വിവിധ തട്ടിലുള്ള ചര്‍ച്ചകള്‍ക്കുശേഷം രാഷ്ട്രപതിക്കുനേരിട്ടാണ് റിപ്പോര്‍ട്ടു സമര്‍പ്പിക്കുക. അതുകൊണ്ടുതന്നെ, രാഷ്ട്രപതി ഒപ്പിട്ടാല്‍ സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാവും.