ന്യൂഡൽഹി: അസമിന്റെ പുതിയ മുഖ്യമന്ത്രിയായി ഹിമന്ദ ബിശ്വ ശർമ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച ഗുവാഹാട്ടിയിൽ ചേർന്ന ബി.ജെ.പി. നിയമസഭാ കക്ഷിയോഗം അദ്ദേഹത്തെ നേതാവായി തിരഞ്ഞെടുത്തു.

മുഖ്യമന്ത്രി പദത്തെച്ചൊല്ലി ഇപ്പോഴത്തെ മുഖ്യമന്ത്രി സർബാനന്ദ് സോനോവാളും ഹിമന്ദയും തമ്മിൽ നിലവിലുണ്ടായിരുന്ന തർക്കം കേന്ദ്രനേതൃത്വം പരിഹരിച്ചതിനെത്തുടർന്നാണ് തീരുമാനം. രണ്ടുപേരെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ശനിയാഴ്ച കേന്ദ്രനേതൃത്വം ചർച്ച നടത്തിയിരുന്നു.

കോൺഗ്രസിൽനിന്ന് 2014-ൽ ബി.ജെ.പി.യിലേക്ക് ചേക്കേറിയ അമ്പത്തിരണ്ടുകാരനായ ഹിമന്ദ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിശ്വസ്തനാണ്. സോനാവാളിനെ കേന്ദ്രമന്ത്രിയാക്കുമെന്നാണ് സൂചന.

സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി സർബാനന്ദ സോനോവാളാണ് നിയമസഭാ കക്ഷി യോഗത്തിൽ ഹിമന്ദയുടെ പേര് നിർദേശിച്ചത്. പാർട്ടി സംസ്ഥാന അധ്യക്ഷൻ രഞ്ജിത് കുമാർ ദാസ് പിന്താങ്ങി. യോഗത്തിൽ കേന്ദ്ര നിരീക്ഷകരായി കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമർ, ദേശീയ ഉപാധ്യക്ഷൻ ബൈജയന്ത് ജെയ് പാണ്ഡ, സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

content highlights: himanta biswa sarma to take oath as assam chief minister today