ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് വേരോട്ടമുണ്ടാക്കാൻ അമിത് ഷാ നിയോഗിച്ച വിശ്വസ്തനാണ് തിങ്കളാഴ്ച അസമിന്റെ പതിനഞ്ചാം മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ഹിമന്ദ ബിശ്വ ശർമ. സ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയനിലൂടെ (ആസു) അസം പ്രക്ഷോഭത്തിൽ പങ്കെടുത്ത് പൊതുജിവീതമാരംഭിച്ച ഹിമന്ദ കോൺഗ്രസിൽനിന്നാണ് ബി.ജെ.പി.യിലെത്തിയത്. അസമീസ് സിനിമകളിലെ ബാലതാരമായിരുന്ന ഹിമന്ദയ്ക്ക് 2014 മുതൽ അസമിലെ ബി.ജെ.പി. രാഷ്ട്രീയത്തിൽ താരപരിവേഷമാണ്.

ഗുവാഹാട്ടിയിലെ കാമരൂപ് അക്കാദമിയിലെ ഹൈസ്കൂൾ വിദ്യാഭ്യാസകാലത്താണ് ഹിമന്ദു ആസുവിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി അസം പ്രക്ഷോഭത്തിലിറങ്ങിയത്. കോട്ടൺ സർവകലാശാലയിൽ രാഷ്ട്രതന്ത്രവിദ്യാർഥിയായപ്പോഴും രാഷ്ട്രീയപ്രവർത്തനം തുടർന്നു. മൂന്നുവട്ടം വിദ്യാർഥി യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു. ഏഴു മുഖ്യമന്ത്രിമാരെ സംഭാവനചെയ്ത ചരിത്രം കോട്ടൺ സർവകലാശാലയ്ക്കുണ്ട്.

നിയമത്തിൽ ബിരുദവും രാഷ്ട്രതന്ത്രത്തിൽ പി.എച്ച്.ഡിയും നേടിയ ഹിമന്ദ ഇടക്കാലത്ത് ഉൾഫയുമായി അടുപ്പം കാട്ടിയിരുന്നു. പിന്നീട് കോൺഗ്രസിൽ ചേർന്ന് അന്നത്തെ മുഖ്യമന്ത്രി തരുൺ ഗോഗോയിയുടെ വിശ്വസ്തനായി. 2001-ൽ ജാലൂക്ബാഡി മണ്ഡലത്തിൽനിന്ന് നിയമസഭയിലെത്തി. ഗോഗോയ് മന്ത്രിസഭയിൽ 2014 വരെ മന്ത്രിയായി. പാർട്ടിയിൽ രണ്ടാമനായി. എന്നാൽ, മകൻ ഗൗരവ് ഗോഗോയിയെ തരുൺ ഗോഗോയ് ഉയർത്തിക്കൊണ്ടുവരുന്നതിൽ അസ്വസ്ഥനായി 2014-ൽ കോൺഗ്രസിൽനിന്ന് രാജിവെച്ചു.

അസമിൽ രാഷ്ട്രീയപ്രവേശനത്തിന് കരുക്കൾനീക്കി കാത്തിരുന്ന ബി.ജെ.പി. ഹിമന്ദയെ സ്വീകരിച്ചു. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിയെ വിജയത്തിലേക്കു നയിച്ചതിൽ പ്രധാന പങ്കുവഹിച്ചു. എന്നാൽ ജാതിസമവാക്യങ്ങൾ കണക്കിലെടുത്ത് പ്രധാന ആദിവാസി വിഭാഗമായ സോനോവാൾ ഗോത്രത്തിന്റെ പ്രതിനിധിയായ സർബാനന്ദിനെയാണ് 2016-ൽ ബി.ജെ.പി. മുഖ്യമന്ത്രിയാക്കിയത്.

മുഖ്യമന്ത്രി പദം നഷ്ടപ്പെട്ടതിൽ അസ്വസ്ഥനായ ഹിമന്ദയെ അമിത് ഷാ വടക്ക് കിഴക്കൻ ജനാധിപത്യസഖ്യത്തിന്റെ കൺവീനറാക്കി. സോനോവാൾ മുഖ്യമന്ത്രിയായിരുന്നപ്പോഴും അസമിലെ ബി.ജെ.പിയുടെ മുഖം ചാണക്യനായ ഹിമന്ദയായിരുന്നു. പൗരത്വനിയമ പ്രക്ഷോഭകാലത്ത് ബി.ജെ.പിയെയും സർക്കാരിനെയും പിടിച്ചുനിർത്തിയത് ഹിമന്ദയുടെ സാമർഥ്യമായി കേന്ദ്രനേതൃത്വം കണക്കാക്കുന്നു.

ഇക്കുറി മുഖ്യമന്ത്രി പദമില്ലെങ്കിൽ മത്സരത്തിനില്ലെന്ന നിലപാടിലായിരുന്നു ഹിമന്ദ. അമിത് ഷാ ഇടപെട്ട് അനുനയിപ്പിച്ചാണ് മത്സരത്തിനിറക്കിയത്. ജാലൂക്ബാഡി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥി റൊമേൻ ചന്ദ്ര ബോർത്താഖുറിനെ ഒരു ലക്ഷത്തിലേറെ വോട്ടിന് അദ്ദേഹം തോൽപ്പിച്ചു.

കായികരംഗത്തും സജീവമായ ഹിമന്ദ ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റാണ്. മൂന്ന് പുസ്തകങ്ങളെഴുതിയിട്ടുള്ള ഹിമന്ദയാണ് അമിത്ഷായുടെ ജീവചരിത്രം അസമീസ് ഭാഷയിലേക്ക് വിവർത്തനം ചെയ്തത്.

content highlights: himanta biswa sarma to take oath as assam chief minister