ഷിംല: വിദ്യാര്‍ഥികളുടെ എണ്ണം അഞ്ചില്‍ കുറവുള്ള 99 പ്രാഥമിക സ്‌കൂളുകള്‍ പൂട്ടാന്‍ ഹിമാചല്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. പൂട്ടുന്ന സ്‌കൂളുകളില്‍ ഇപ്പോഴുള്ള വിദ്യാര്‍ഥികളെ അടുത്ത പ്രദേശങ്ങളിലെ സ്‌കൂളുകളിലേക്ക് മാറ്റും.

ഏറ്റവും അടുത്ത് പ്രാഥമികവിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്രയധികം വിദ്യാലയങ്ങള്‍ക്ക് അനുമതി നല്‍കിയത്. എന്നാല്‍, ഇതിനായി യാതൊരു വിധ സര്‍വേകളും നടത്താത്തത് തിരിച്ചടിയായി. വിദ്യാലയങ്ങളില്‍ പ്രവേശനം നേടുന്നവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായെന്നും വിദ്യാഭ്യാസവിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

10,710 പ്രാഥമികവിദ്യാലയങ്ങളും അവയില്‍ 3,23,387 വിദ്യാര്‍ഥികളും 25,000-ഓളം അധ്യാപകരുമാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 1343 ഏകാധ്യാപക വിദ്യാലയങ്ങളുണ്ട്. 4,677 വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ എണ്ണം ഇരുപതില്‍ താഴെയാണ്.