ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ സ്വകാര്യബസ് നദിയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു. കണ്ടക്ടറുള്‍പ്പെടെ രണ്ടുപേര്‍ രക്ഷപ്പെട്ടു. മരിച്ചവരില്‍ 10 സ്ത്രീകളും മൂന്ന് കുട്ടികളുമുള്‍പ്പെടും. 56 പേരാണ് ബസിലുണ്ടായിരുന്നത്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

ഉത്തരാഖണ്ഡിലെ വികാസ്!നഗര്‍ ടൗണില്‍നിന്ന് ടുയിനിലേക്ക് പോകവേയാണ് നെര്‍വ ടെഹ്‌സിലിലെ മലമ്പ്രദേശത്തുനിന്ന് ബസ് തെന്നി 250 മീറ്റര്‍ താഴെയുള്ള ടോണ്‍സ് നദിയിലേക്ക് പതിച്ചത്. യമുനയുടെ പോഷകനദിയാണ് ടോണ്‍സ്.

സംഭവസ്ഥലം ഉത്തരാഖണ്ഡ് അതിര്‍ത്തിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയാണ്. സംസ്ഥാനത്തെ ഒറ്റപ്പെട്ട പ്രദേശങ്ങളിലൊന്നാണിത്. രണ്ടു സംസ്ഥാനങ്ങളില്‍നിന്നുള്ളവരും മരിച്ചവരിലുള്‍പ്പെടുമെന്നും അപകടകാരണം വ്യക്തമായിട്ടില്ലെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ റോഹന്‍ ഠാക്കുര്‍ പറഞ്ഞു. സാങ്കേതികത്തകരാറാണ് അപകടകാരണമെന്ന് രക്ഷപ്പെട്ട യാത്രക്കാരന്‍ പറഞ്ഞു.

സംഭവത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് 50,000 രൂപവീതം സംസ്ഥാന സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.