ഷിംല: അഞ്ചുവര്‍ഷത്തെ ഇടവേളക്കുശേഷം അധികാരത്തിലെത്തിയ ഹിമാചലില്‍ മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബി.ജെ.പി.യില്‍ ചര്‍ച്ചകള്‍ തുടങ്ങി. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, അഞ്ചുതവണയായി എം.എല്‍.എ.യായ ജയ്‌റാം ഠാക്കൂര്‍ എന്നിവര്‍ക്കാണ് ഇപ്പോഴത്തെ ചര്‍ച്ചകളില്‍ മുന്‍തൂക്കം.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി പ്രേം കുമാര്‍ ധുമലിന്റെ അപ്രതീക്ഷിത തോല്‍വിയാണ് പുതിയ നേതാവിന് വേണ്ടിയുള്ള അന്വേഷണം അനിവാര്യമാക്കിയത്. ധുമലിന്റെ നേതൃത്വത്തിലാണ് പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹത്തെതന്നെ മുഖ്യമന്ത്രിയാക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. കുട്‌ലേഹഡില്‍നിന്നുള്ള എം.എല്‍.എ. വീരേന്ദര്‍ കന്‍വാര്‍ ധുമലിനുവേണ്ടി സീറ്റൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ധുമലിന്റെ മകനും പാര്‍ട്ടിയുടെ യുവ എം.പി.യും ബി.സി.സി.ഐ.യുടെ മുന്‍ അധ്യക്ഷനുമായ അനുരാഗ് ഠാക്കൂറിന്റെ പേരും ഇടയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടിരുന്നു.

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എം.എല്‍.എ.മാരും സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്താനായി കേന്ദ്രനേതൃത്വം നിയോഗിച്ച പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനും കേന്ദ്രമന്ത്രി നരേന്ദ്ര തോമറും ചൊവ്വാഴ്ച രാത്രി ഷിംലയില്‍ എത്തി. സംസ്ഥാന നേതാക്കളുടെ താത്പര്യവും കൂടി മനസ്സിലാക്കിയ ശേഷമായിരിക്കും കേന്ദ്രനേതൃത്വം മുഖ്യമന്ത്രിയെ നിശ്ചയിക്കുക.

മുതിര്‍ന്ന ദേശീയ നേതാക്കളിലൊരാളായ നഡ്ഡയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടി നേരത്തേയും പരിഗണിച്ചിരുന്നു. ഇത്തവണ ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതിരുന്നതിന് ഒരു കാരണമിതായിരുന്നു. പ്രാദേശിക സമ്മര്‍ദത്തെത്തുടര്‍ന്ന് തിരഞ്ഞെടുപ്പിന് ഒമ്പതുദിവസം മുമ്പ് മാത്രമാണ് ധുമലിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. പക്ഷേ, ഇത് ഗുണം ചെയ്തില്ല. ധുമലും അദ്ദേഹത്തിന്റെ അടുത്ത അനുയായികളായ പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ സത്പാല്‍ സിങ് സട്ടി, രണ്‍ധീര്‍ ശര്‍മ, കെ.എല്‍. ഠാക്കൂര്‍, വിജയ് അഗ്നിഹോത്രി, ഗുലാബ് സിങ് എന്നിവരും തിരഞ്ഞെടുപ്പില്‍ തോറ്റു.

ഏഴുതവണ എം.എല്‍.എ.യായ മൊഹിന്ദര്‍ സിങ്, അഞ്ചുതവണ എം.എല്‍.എ.യായ രാജീവ് ബിന്ദാല്‍, മുന്‍ സംസ്ഥാനാധ്യക്ഷന്‍ സുരേഷ് ഭരദ്വാജ്, കൃഷന്‍ കപൂര്‍ തുടങ്ങിയ നേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.