ഷിംല: ഹിമാചല്‍പ്രദേശിലെ മംഡി ജില്ലയില്‍ ഉരുള്‍പൊട്ടലില്‍ ബസുകള്‍ ഒലിച്ചുപോയി 46 യാത്രക്കാര്‍ മരിച്ചു. ഒട്ടേറെപ്പേരെ കാണാതായി. ഇവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

ഞായറാഴ്ച അര്‍ധരാത്രിക്കുശേഷം 12.20-ന് മംഡി-പഠാന്‍കോട്ട് ദേശീയപാതയില്‍ ഹിമാചല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ രണ്ട് ബസുകളാണ് അപകടത്തില്‍പ്പെട്ടത്. ചമ്പയില്‍നിന്ന് മണാലിയിലേക്ക് പോകുന്ന ബസും ജമ്മുവിലെ ഖത്രയിലേക്ക് പോകുന്ന ബസും രാത്രി യാത്രക്കാര്‍ക്ക് ചായകുടിക്കാനായി കോട്ട്രൂപിക്ക് സമീപം നിര്‍ത്തിയപ്പോഴായിരുന്നു സംഭവം. നിമിഷങ്ങള്‍ക്കകം ഉരുള്‍പൊട്ടലില്‍ കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ രണ്ട് ബസുകളും ഒലിച്ചുപോയി. ഏതാണ്ട് 800 മീറ്റര്‍ താഴ്ചയിലുള്ള കൊക്കയില്‍നിന്ന് ഒരു ബസ് പൂര്‍ണമായി തകര്‍ന്നനിലയില്‍ കണ്ടെത്തി. മറ്റേ ബസ് മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. ഏതാനും കാറുകളും ഒലിച്ചുപോയി.

മണാലിയിലേക്ക് പോകുകയായിരുന്ന ഈ ബസില്‍ 40 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഖത്രയിലേക്ക് പോകുന്ന ബസില്‍ പത്തിലേറെപ്പേരും. യാത്രക്കാരിലേറെയും വിനോദസഞ്ചാരികളായിരുന്നു. സൈന്യവും ദുരന്തനിവാരണ സേനയും തിരച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ ഏതാണ്ട് കാല്‍കിലോമീറ്ററോളം റോഡും ഒലിച്ചുപോയി.

മുഖ്യമന്ത്രി വീരഭന്ദ്രസിങ്ങും പ്രതിപക്ഷനേതാവ് പ്രേംകുമാര്‍ ധുമലും സ്ഥലം സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപവീതം സഹായധനം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.