ഷിംല: ഹിമാചല്‍ പ്രദേശിന്റെ പതിന്നാലാമത്തെ മുഖ്യമന്ത്രിയായി ബി.ജെ.പി. നേതാവും അഞ്ചുതവണ എം.എല്‍.എയുമായിരുന്ന ജയ്‌റാം ഠാക്കൂര്‍ സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേറ്റു. ബുധനാഴ്ച രാവിലെ പതിനൊന്നു മണിക്ക് നടന്ന ചടങ്ങില്‍ ഠാക്കൂറിന് പിന്നാലെ പതിനൊന്ന് മന്ത്രിമാരും സത്യപ്രതിജ്ഞചെയ്തു.

ഗവര്‍ണര്‍ ആചാര്യ ദേവവ്രത് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത്ഷാ, മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി, കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിതിന്‍ ഗഡ്ഗരി, ജെ.പി.നഡ്ഡ, ബി.ജെ.പി. ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തി.

മുതിര്‍ന്ന എം.എല്‍.എയും രണ്ടുതവണ മന്ത്രിയുമായിരുന്ന മഹേന്ദ്ര സിങ് ഠാക്കൂറാണ് രണ്ടാമതായി സത്യപ്രതിജ്ഞ ചെയ്തത്. ശേഷം, മുന്‍ കേന്ദ്രമന്ത്രിമാരായിരുന്ന കിഷന്‍ കപൂര്‍, സര്‍വീണ്‍ ചൗധരി, അനില്‍ ശര്‍മ, ഹിമാചലിലെ മുന്‍മന്ത്രിമാരായിരുന്ന രാം ലാല്‍ മാര്‍ക്കാഡെ, പുതുമുഖങ്ങളായ സുരേഷ് ഭര്‍ദ്വാജ്, വിപിന്‍ സിങ് പര്‍മര്‍, വീരേന്ദ്രര്‍ കണ്‍വാര്‍, വിക്രം ഠാക്കൂര്‍, ഗോബിന്ദ് ഠാക്കൂര്‍, രാജീവ് സഹ്ജല്‍ എന്നിവരും സത്യപ്രതിജ്ഞ് ചെയ്തു.

പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന പ്രേം കുമാര്‍ ധുമല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ജയ്‌റാം ഠാക്കൂര്‍ മുഖ്യമന്ത്രി പദത്തിലെത്തുന്നത്. അഞ്ചു തവണ എം.എല്‍.എ.യും മുന്‍ മന്ത്രിയുമായിരുന്ന രാജീവ് ബിന്‍ഡാല്‍ ആണ് നിയമസഭാ സ്​പീക്കര്‍.