ന്യൂഡൽഹി: ഇടയ്ക്കുവെച്ച് പഠനം നിർത്തിയാലും ക്രെഡിറ്റിന് അനുസരിച്ച് സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഉന്നതവിദ്യാഭ്യാസരംഗത്തെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് ഉൾപ്പെടെയുള്ള പദ്ധതികൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.

പുതിയ വിദ്യാഭ്യാസനയത്തിന്റെ ഒന്നാംവാർഷികദിനമായ വ്യാഴാഴ്ച സംഘടിപ്പിച്ച പരിപാടിയിൽ ഇതുൾപ്പെടെ വിദ്യാഭ്യാസരംഗത്ത് മാറ്റം വരുത്തുന്ന വിവിധപദ്ധതികൾ അദ്ദേഹം ഉദ്ഘാടനംചെയ്തു. ദേശീയ വിദ്യാഭ്യാസനയത്തിലെ പ്രധാന നിർദേശങ്ങളിലൊന്നായിരുന്നു അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്.

ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്കായുള്ള ആംഗ്യഭാഷ സ്കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന ‘നിഷ്ത’, നിർമിതബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഏതുപ്രായത്തിലുള്ളവർക്കും ഓൺലൈനിലൂടെ പരിശീലനം നൽകുന്ന വെബ്‌സൈറ്റ് തുടങ്ങിയവ ഇനി രാജ്യത്തിന്റെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ഭാഗമാവും. എട്ടുസംസ്ഥാനങ്ങളിലെ 14 എൻജിനിയറിങ് കോളേജുകളിൽ ഹിന്ദി, തമിഴ്, തെലുങ്ക്, മറാത്ത, ബംഗ്ലാ എന്നീ പ്രാദേശികഭാഷകളിൽ പഠിപ്പിക്കാനും തീരുമാനമായി.

വിദ്യാഭ്യാസനയം നടപ്പാക്കാൻ രാജ്യത്തെ അധ്യാപകരും നയനിർമാതാക്കളും ഒരുവർഷമായി കഠിനപരിശ്രമം നടത്തിയതായി പ്രധാനമന്ത്രി പറഞ്ഞു. രാജ്യ നിർമാണമെന്ന മഹായജ്ഞത്തിലെ പ്രധാനഘടകമാണ് ദേശീയ വിദ്യാഭ്യാസ നയം. ഏതുതരത്തിലുള്ള വിദ്യാഭ്യാസം നാം ഇപ്പോൾ നൽകുന്നു എന്നതിന് അനുസരിച്ചിരിക്കും രാജ്യത്തിന്റെ ഭാവി -മോദി പറഞ്ഞു.

ഒന്നാംക്ലാസിലെ കുട്ടികൾക്ക് മൂന്നുമാസത്തെ വിനോദത്തിലൂന്നിയ പഠനമായ ‘വിദ്യ പ്രവേശ്’, അധ്യാപക പരിശീലനപരിപാടിയായ ‘സഫൽ’, സി.ബി.എസ്.ഇ. സ്കൂളുകളിലെ മൂന്ന്, അഞ്ച്, എട്ട് ക്ലാസുകൾക്കുള്ള വിലയിരുത്തൽ രീതി തുടങ്ങിയവയ്ക്കും പ്രധാനമന്ത്രി തുടക്കംകുറിച്ചു. ഓൺലൈനിൽനടന്ന പരിപാടിയിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അടക്കമുള്ളവർ പങ്കെടുത്തു.

അക്കാദമിക് ക്രെഡിറ്റ് ബാങ്ക്

ഉന്നതവിദ്യാഭ്യാസരംഗത്ത് എപ്പോൾ വേണമെങ്കിലും പഠനം നിർത്താനും വീണ്ടും തുടങ്ങാനും കഴിയും. പഠിക്കുമ്പോൾ വിദ്യാർഥി നേടിയ ക്രെഡിറ്റെല്ലാം ഡിജിറ്റലായി രേഖപ്പെടുത്തും. മൂന്നോ നാലോ വർഷമുള്ള അണ്ടർ ഗ്രാജ്വേറ്റ് ഡിഗ്രിയിൽ ഒരുവർഷം പൂർത്തിയായാൽ സർട്ടിഫിക്കറ്റ് കോഴ്‌സായി കണക്കാക്കും. രണ്ടുവർഷത്തെ ക്രെഡിറ്റിൽ ഡിപ്ലോമയും മൂന്നുവർഷത്തേതിൽ ബിരുദവും നൽകും. നാലുവർഷത്തെ കോഴ്‌സ് ആണെങ്കിൽ നാലാംവർഷം പൂർണമായും ഗവേഷണമായിരിക്കും. ഈ കോഴ്‌സ് പാസായവർക്ക് നേരിട്ട് പിഎച്ച്.ഡി.ക്ക് ചേരാം. അല്ലാത്തവർ രണ്ടു വർഷത്തെ ബിരുദാനന്തരബിരുദം നേടണം. വിദ്യാർഥികളുടെ താത്‌പര്യങ്ങൾക്കനുസൃതമായി വിഷയം തിരഞ്ഞെടുക്കാനുള്ള സംവിധാനവും ഉണ്ടാവും.

കേരളത്തിന് താത്പര്യക്കുറവ്

തിരുവനന്തപുരം: കേന്ദ്രം മുന്നോട്ടുവെക്കുന്ന അക്കാദമിക് ബാങ്ക് ഒഫ് ക്രെഡിറ്റ് സംവിധാനം കേരളത്തില്‍ നടപ്പാക്കാന്‍ സംസ്ഥാനം താത്പര്യപ്പെടില്ല. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ഈ പദ്ധതിക്കെതിരേ നേരത്തേ തന്നെ സംസ്ഥാനം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.

യു.ജി.സി. നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തും നടപ്പാക്കാന്‍ തീരുമാനിച്ചാല്‍ തന്നെ നമ്മുടെ സര്‍വകലാശാലാ സംവിധാനങ്ങളിലും കോഴ്സുകളുടെ കാര്യത്തിലും ഘടനാപരമായ മാറ്റങ്ങള്‍ വേണ്ടിവരും. കലാലയങ്ങളിലെ കുട്ടികളുടെ എണ്ണവും അധ്യാപകരുടെ ജോലിഭാരവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ദൃഢമായൊരു സംവിധാനത്തില്‍ ഘടനാപരമായ മാറ്റം എളുപ്പവുമാകില്ല. ഒരു കോഴ്സിന് ചേരുന്ന വിദ്യാര്‍ഥിക്ക് നിശ്ചിത ക്രെഡിറ്റ് നേടിക്കഴിഞ്ഞാല്‍ എപ്പോള്‍ വേണമെങ്കിലും കോഴ്സ് വിട്ടുപോകാനും എപ്പോള്‍ വേണമെങ്കിലും തിരികെ കോഴ്സിന് ചേരാനും പറ്റുന്നതാണ് സംവിധാനം. ഈ സമയത്ത് വിദ്യാര്‍ഥി നേടിയ ക്രെഡിറ്റുകള്‍ ഒരു ബാങ്കില്‍ നിക്ഷേപിക്കുംപോലെ സൂക്ഷിക്കാനും തിരികെ കോഴ്സിന് ചേരുമ്പോള്‍ മടക്കിയെടുക്കാനുമാകും.

നിര്‍ദിഷ്ട സംവിധാനം ബഹുവിഷയങ്ങളിലുള്ള കോഴ്സുകള്‍ക്ക് അനുയോജ്യമായതാണ്. ഇത്തരം കോഴ്സുകള്‍ ആരംഭിക്കുന്നതില്‍ പ്രാരംഭ ഘട്ടത്തിലുള്ള കേരളത്തില്‍ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവെക്കുന്ന ഈ രീതി അപ്രായോഗികമാണെന്നും ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഏകീകൃത കോഴ്സുകള്‍ നടത്തുന്നുണ്ട്. അതാകട്ടെ ബിരുദമോ അല്ലെങ്കില്‍ ബിരുദാന്തര ബിരുദമോ പൂര്‍ത്തിയാക്കി കോഴ്സ് വിട്ടുപോകാവുന്ന സംവിധാനമാണ്. ഐ.ഐ.ടികള്‍ ഉള്‍പ്പടെയുള്ളവയില്‍ ഈ രീതി നടപ്പാക്കുന്നുമുണ്ട്. എന്നാല്‍ ഒരു നിശ്ചിത ക്രെഡിറ്റ് മാത്രം സ്വന്തമാക്കി കോഴ്സ് ഇടയ്ക്ക് നിര്‍ത്തുന്നത് ഉന്നത വിദ്യാഭ്യാസത്തെ തന്നെ ദോഷകരമായി ബാധിച്ചേക്കും.

ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തയ്യാറാക്കിയ പ്രഭാത് പട്നായിക് കമ്മിറ്റി റിപ്പോര്‍ട്ടില്‍, ഈ രീതി ജോലി കമ്പോളത്തിലേക്ക് കുട്ടികളെ എത്തിക്കാന്‍ ഉതകുന്ന ഒന്നായിട്ടാണ് ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്ത് ഈ രീതി നടപ്പായാല്‍ ഉന്നത വിദ്യാഭ്യാസത്തില്‍ നിന്ന് വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്കിനെ മറ്റു രീതിയില്‍ വിശേഷിപ്പിക്കുന്ന ഒന്നുമാത്രമാകുമെന്നാണ് അക്കാദമിക വിദഗ്ധരുടെ അഭിപ്രായം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെയും പാര്‍ശ്വവത്കരിക്കപ്പെട്ട വിദ്യാര്‍ഥികളെയും ഉന്നത വിദ്യാഭ്യാസത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതാകും ഇതെന്നും ആക്ഷേപമുണ്ടായിരുന്നു.