ന്യൂഡൽഹി: കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എം.പി.മാർക്കും എം.എൽ.എ.മാർക്കുമെതിരായ കേസുകൾ പിൻവലിച്ച നടപടി പരിശോധിക്കാൻ ഹൈക്കോടതികളോട് സുപ്രീംകോടതി നിർദേശിച്ചു.

സാമാജികർക്കെതിരായ ക്രിമിനൽക്കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി 2020 സെപ്റ്റംബർ 16-ന് ഉത്തരവിറക്കിയിരുന്നു. അതിനുശേഷം പിൻവലിച്ച ക്രിമിനൽക്കേസുകളാണ് ഹൈക്കോടതികൾ പരിശോധിക്കേണ്ടത്. ഇത്തരം കേസുകളുടെ വിവരങ്ങൾ സംസ്ഥാനങ്ങൾ ഹൈക്കോടതികൾക്ക് കൈമാറണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

കേരളം, ഉത്തർപ്രദേശ്, കർണാടകം, തമിഴ്‌നാട്, തെലങ്കാന സംസ്ഥാനങ്ങൾ 2020 സെപ്റ്റംബർ 16-ന് ശേഷവും സാമാജികർക്കെതിരായ ഗുരുതരമായ ക്രിമിനൽക്കേസുകൾ പിൻവലിച്ചതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത്തരം കേസുകളുടെ വിവരങ്ങൾ സമർപ്പിക്കാൻ സംസ്ഥാനസർക്കാരുകളോട് ഹൈക്കോടതി ആവശ്യപ്പെടണം. ക്രിമിനൽ നടപടിച്ചട്ടത്തിലെ 321-ാം വകുപ്പ് പ്രകാരം സംസ്ഥാനങ്ങൾ കേസുകൾ പിൻവലിച്ച നടപടിയുടെ നിയമസാധുതയും ഔചിത്യവും ഹൈക്കോടതികൾ പരിശോധിക്കണം. തുടർന്ന് ഹൈക്കോടതികൾക്ക് ഉചിതമായ നടപടി സ്വീകരിക്കാം.

സാമാജികർക്കും മുൻ സാമാജികർക്കുമെതിരായ 36 കേസുകളാണ് 2020 സെപ്റ്റംബർ 16-ന് ശേഷം കേരളസർക്കാർ പിൻവലിച്ചത്. കൂടാതെ, ഏഴ് കേസുകൾ പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ കോടതിക്ക് മുൻപാകെയുണ്ട്.

സാമാജികർക്കെതിരായ കേസുകളിലെ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ ഹൈക്കോടതികൾ നടപടി സ്വീകരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ഇതിനായി കൂടുതൽ പ്രത്യേക കോടതികളും സി.ബി.ഐ. കോടതികളും സ്ഥാപിക്കേണ്ടതാണ്. രാജ്യത്ത് സാമാജികർക്കെതിരായ 37 കേസുകളിൽ സി.ബി.ഐ. അന്വേഷണം പൂർത്തിയായിട്ടില്ല. ഇത് എത്രയും വേഗം പൂർത്തിയാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ഉദ്യോഗസ്ഥരുടെ എണ്ണക്കുറവ് പരിഹരിക്കണം.

രാജ്യത്ത് സാമാജികർക്കെതിരായ ക്രിമിനൽക്കേസുകളുടെ അവസ്ഥ വ്യക്തമാക്കി കഴിഞ്ഞദിവസം അമിക്കസ് ക്യൂറി വിജയ് ഹൻസാരിയ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതിയുടെ നടപടി. 2013-ൽ നടന്ന മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട 77 കേസുകൾ ഉത്തർപ്രദേശ് സർക്കാർ പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെ പിൻവലിച്ചതായി റിപ്പോർട്ടിലുണ്ട്. ഹൈക്കോടതിയുടെ അനുമതിയില്ലാതെ ക്രിമിനൽക്കേസുകൾ പിൻവലിക്കരുതെന്ന് കേരളത്തിലെ നിയമസഭാ കൈയാങ്കളിക്കേസിൽ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.