റാഞ്ചി: ജാർഖണ്ഡിന്റെ 11-ാമതു മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ ഞായറാഴ്ച സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി. രാജ, ഡി.എം.കെ. നേതാവ് എം.കെ. സ്റ്റാലിൻ തുടങ്ങിയ പ്രതിപക്ഷനേതാക്കൾ സത്യപ്രതിജ്ഞാവേദിയിൽ അണിനിരന്നത് ശ്രദ്ധേയമായി.

റാഞ്ചിയിലെ മോറാബാദി മൈതാനത്തു നടന്ന ചടങ്ങിൽ ഗവർണർ ദ്രൗപദി മുർമു, സോറനു സത്യവാചകം ചൊല്ലിക്കൊടുത്തു. ജാർഖണ്ഡ് മുക്തിമോർച്ച (ജെ.എം.എം.) വർക്കിങ് പ്രസിഡന്റായ സോറൻ രണ്ടാംതവണയാണ് മുഖ്യമന്ത്രിയാകുന്നത്.

കോൺഗ്രസ് നിയമസഭാകക്ഷിനേതാവ് ആലംഗീർ ആലം, കോൺഗ്രസ് സംസ്ഥാനാധ്യക്ഷൻ രാമേശ്വർ ഉറാംവ്, ആർ.ജെ.ഡി. എം.എൽ.എ. സത്യാനന്ദ് ഭോക്ത എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.

മുഖ്യമന്ത്രിമാരായ അശോക് ഗഹ്‌ലോത്, ഭൂപേഷ് ബഘേൽ, ലോക്‌താന്ത്രിക് ജനതാദൾ നേതാവ് ശരദ് യാദവ്, ആർ.ജെ.ഡി.യുടെ തേജസ്വി യാദവ്, എ.എ.പി. എം.പി. സഞ്ജയ് സിങ്, സി.പി.ഐ.യുടെ അതുൽകുമാർ അംജാൻ, ഡി.എം.കെ. നേതാവ് കനിമൊഴി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു. കർണാടകത്തിൽ എച്ച്.ഡി. കുമാരസ്വാമി അധികാരമേറ്റപ്പോൾ അണിനിരന്നതുപോലെയാണ് പ്രതിപക്ഷകക്ഷിനേതാക്കൾ ചടങ്ങിൽ പങ്കെടുത്തത്.

ജെ.എം.എം. അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ ഷിബു സോറൻ മകന്റെ സത്യപ്രതിജ്ഞ കാണാൻ എത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ തോറ്റ മുൻ മുഖ്യമന്ത്രി രഘുബർ ദാസും പങ്കെടുത്തു.

81 അംഗ നിയമസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 47 സീറ്റാണ് ജെ.എം.എം.-കോൺഗ്രസ്-ആർ.ജെ.ഡി. സഖ്യം നേടിയത്. ജാർഖണ്ഡ് വികാസ് മോർച്ചയിലെ (പ്രജാതാന്ത്രിക്) മൂന്നുപേർ, സി.പി.ഐ. (എം.എൽ.) അംഗം എന്നിവർ സഖ്യത്തിനു പിന്തുണയും നൽകി.

Content highlights: Hemand Soran Jharkhand