ന്യൂഡൽഹി: കേരളത്തിലെ കനത്തമഴയ്ക്കു കാരണം മേഘവിസ്ഫോടനമല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ജനറൽ ഡോ. മൃത്യുഞ്ജയ മഹാപാത്ര. കഴിഞ്ഞദിവസങ്ങളിലെ മഴയ്ക്കുകാരണം അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദമാണ്. പടിഞ്ഞാറുഭാഗത്തുനിന്നുള്ള ശക്തമായ കാറ്റും മഴകനക്കാൻ കാരണമായി. വലിയ നാശംവിതച്ച അതിതീവ്രമഴയ്ക്കുകാരണം മേഘവിസ്ഫോടനമാണെന്ന് പറയാനാവില്ലെന്നും മഹാപാത്ര ‘മാതൃഭൂമി’യോട് പറഞ്ഞു.

വരുംദിവസങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നില്ല. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴയുടെ ശക്തികുറയും. എന്നാൽ 20, 21 തീയതികളിൽ ഇടത്തരം ശക്തിയോടെ ഒറ്റപ്പെട്ട മഴയുണ്ടാകും.

ഞായറാഴ്ചയോടെ കേരളത്തിൽ മഴ കുറഞ്ഞുതുടങ്ങി. ബുധനാഴ്ചയും വ്യാഴാഴ്ചയും തമിഴ്‌നാട് അതിർത്തിയോടുചേർന്ന പ്രദേശങ്ങളിൽ ഒറ്റപ്പെട്ട മഴയുണ്ടാകും. എന്നാൽ, അത് കഴിഞ്ഞ ദിവസങ്ങളിലേതുപോലെ തീവ്രമായിരിക്കില്ല. കഴിഞ്ഞദിവസങ്ങളിൽ കേരളത്തിലുണ്ടായ മഴ നേരത്തേ പ്രവചിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തീരപ്രദേശങ്ങളും മലയോരമേഖലകളും കൂടുതലുള്ള കേരളത്തിൽ മഴയ്ക്കുമുമ്പ്‌ മുൻകരുതലുകൾ സ്വീകരിക്കണം. ഉരുൾപൊട്ടലിന് സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി മുന്നറിയിപ്പ് നൽകണം. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് ഇതുസംബന്ധിച്ച പഠനങ്ങൾ നടത്തുന്നത്. അവർക്കാവശ്യമായ മഴവിവരങ്ങൾ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകാറുണ്ട്. കേരളത്തിൽ മൂന്നുനാലുവർഷമായി കനത്തമഴയ്ക്കു കാരണം കാലാവസ്ഥാവ്യതിയാനമാണ്. മറ്റുപല സംസ്ഥാനത്തും അതുണ്ട്. എല്ലാവർഷവും മഴ കൂടിവരുമെന്ന് പറയാനാവില്ല. കാലവർഷസമയത്ത് ശക്തമായ മഴ പ്രതീക്ഷിക്കാമെന്നും മഹാപാത്ര പറഞ്ഞു.