ഷിംല/ദെഹ്റാദൂൺ: ഉത്തരാഖണ്ഡിലും ഹിമാചൽപ്രദേശിലും കനത്തമഴ തുടരുന്നു. പലയിടത്തും മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും ഗതാഗതം താറുമാറായി. പഞ്ചാബ്, ഹരിയാണ, ഡൽഹി എന്നിവിടങ്ങളിലും ജാഗ്രത പ്രഖ്യാപിച്ചു.

ഹിമാചലിൽ മഴക്കെടുതിയിൽ 22 പേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. കുളു ജില്ലയിൽ പ്രളയസമാനമായ അവസ്ഥയാണ്. ലേ-മണാലി ഹൈവേയിൽ ഉരുൾപൊട്ടലിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഇവിടെ പലഭാഗങ്ങളിലായി മലയാളികളടക്കമുള്ള വിനോദസഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്. വിനോദസഞ്ചാരസീസണായതിനാൽ ഒട്ടേറെ സഞ്ചാരികളാണ് ഇവിടെ എത്തിയിട്ടുള്ളത്.

ഉത്തരാഖണ്ഡിൽ ഉത്തരകാശി ജില്ലയിലെ തമസാനദി കരകവിഞ്ഞൊഴുകി 20 വീടുകൾ ഒലിച്ചുപോയി. എട്ടുപേരെ കാണാതായി. മണ്ണിടിച്ചിലിനെത്തുടർന്ന് ഗംഗോത്രി ഹൈവേ അടച്ചു. മിന്നൽപ്രളയത്തിലും മേഘവിസ്ഫോടനത്തിലും മിക്കയിടങ്ങളും ഒറ്റപ്പെട്ടു. ഇവിടങ്ങളിൽ ഒട്ടേറെപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐ.ടി.ബി.പി.), ദേശീയ-സംസ്ഥാന ദുരന്തനിവാരണസേനകൾ എന്നിവയടങ്ങുന്ന സംഘത്തെ ഉത്തരകാശിയിലേക്ക് അയച്ചു. ഉത്തരകാശി, ചമോലി, പിഥോർഗഢ്, ദെഹ്റാദൂൺ, പൗരി, നൈനിറ്റാൾ എന്നിവിടങ്ങളിൽ അടുത്ത മൂന്നുദിവസം കനത്തമഴ തുടരുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. 2013-ൽ ഉത്തരകാശിയിലുണ്ടായ പ്രളയത്തിലും കനത്തമഴയിലും ആയിരക്കണക്കിനാളുകൾ മരിക്കുകയും കനത്തനഷ്ടമുണ്ടാകുകയും െചയ്തിരുന്നു.

യമുനാനദിയിൽ വെള്ളം ഉയർന്നതോടെ ഡൽഹിസർക്കാർ ജാഗ്രത പ്രഖ്യാപിച്ചു. താഴ്ന്നഭാഗങ്ങളിൽ കഴിയുന്നവരോട് സുരക്ഷിതമേഖലകളിലേക്ക് താമസംമാറാൻ നിർദേശിച്ചിട്ടുണ്ട്.

Content Highlights: heavy rain in himachal and uttarakhand, 22 died in himachal pradesh