കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഈ വർഷമുണ്ടായ പ്രളയത്തിനുകാരണം കാലാവസ്ഥാവ്യതിയാനംമൂലമുള്ള അസാധാരണ മഴയാണെന്ന് വിദഗ്ധർ.

കേരളത്തിൽ ജൂലായ് 17 വരെ 30 ശതമാനത്തോളം മഴ കുറവാണു പെയ്തത്. തുടർന്നുള്ള നാലാഴ്ചകളിൽ കാര്യങ്ങൾ മാറി. തുടർച്ചയായി അസാധാരണ മഴ പെയ്യാൻ തുടങ്ങി. 17 മുതൽ 24 വരെ 131 ശതമാനം മഴ കൂടി. ഓഗസ്റ്റ് ഏഴുമുതൽ 14 വരെമാത്രം കൂടിയത് 387 ശതമാനമാണ്. ഇതാണു പ്രളയത്തിനിടയാക്കിയതെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണവകുപ്പ് (ഐ.എം.ഡി.) മുൻ ഡയറക്ടർ ഡോ. കെ.ജെ. രമേഷ് മാതൃഭൂമിയോടു പറഞ്ഞു. എങ്കിലും ഇതുവരെ കേരളത്തിൽ സാധാരണ ലഭിക്കേണ്ട മഴയേ പെയ്തിട്ടുള്ളൂ. അടുത്ത അഞ്ചാറുദിവസം സംസ്ഥാനത്ത് മഴ സാധാരണ നിലയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എം.ഡി. കണക്കുകൾപ്രകാരം 2018-ൽ 92 അസാധാരണ മഴയാണു രാജ്യത്തു പെയ്തത്. 2019-ൽ ഓഗസ്റ്റ് 12 വരെമാത്രം അത് നൂറായി. 150 മുതൽ 200 മില്ലീമീറ്റർവരെ മഴ 24 മണിക്കൂറിനിടെ ഒരു പ്രദേശത്തു പെയ്യുന്നതാണ് ‘അസാധാരണ’മെന്നു വിശേഷിപ്പിക്കുന്നത്. തുടർച്ചയായുള്ള അസാധാരണ മഴ ഈവർഷം ഇതുവരെ 10 തവണയുണ്ടായി. കഴിഞ്ഞവർഷം മൊത്തം ഇത് ഏഴായിരുന്നു. തുടർച്ചയായി അസാധാരണ മഴ പെയ്തതാണ് വയനാട്ടിലടക്കമുള്ള വടക്കൻ കേരളത്തിൽ വൻപ്രളയത്തിനു കാരണമായത്. ഇത്തരത്തിലുള്ള അസാധാരണ മഴയുടെ വർധന 1981-നുശേഷം ഓരോവർഷം കഴിയുംതോറും ആറു ശതമാനംവീതം കൂടുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണെന്ന് ഡോ. രമേഷ് പറഞ്ഞു.

അസാധാരണ മഴ രാജ്യത്തു കൂടിയെങ്കിലും മൊത്തം മഴയുടെ കണക്കിൽ രണ്ടു ശതമാനത്തിന്റെ കുറവ് ഇപ്പോഴുമുണ്ട്. പലയിടത്തും മഴ പെയ്യാത്തതിനാൽ വരൾച്ചയുമുണ്ട്. ദക്ഷിണ യു.പി.യിൽ മഴ 40 ശതമാനത്തോളം കുറഞ്ഞു. പശ്ചിമബംഗാൾ, ബിഹാറിന്റെ പകുതിഭാഗം, ജാർഖണ്ഡിലെ ഒട്ടേറെ ജില്ലകൾ എന്നിവിടങ്ങളിൽ സാധാരണ ലഭിക്കുന്നതിന്റെ പകുതിപോലും മഴ ലഭിച്ചില്ല. ഇതു കൃഷിയെയും കുടിവെള്ള സ്രോതസ്സുകളെയും ബാധിച്ചു. മഹാരാഷ്ട്രയിൽ പ്രളയം ബാധിച്ചെങ്കിലും മറാത്ത് വാഡ മേഖലയിൽ കടുത്ത വരൾച്ചയാണ്. ആന്ധ്രയിലെ റായലസീമ മേഖലയിലും തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും സ്ഥിതി ഇതുതന്നെ.

ഹിമാലയവും ഉരുകുന്നു

കാലാവസ്ഥാവ്യതിയാനം ഹിമാലയത്തിൽ മഞ്ഞുപാളികൾ ഉരുകുന്നതിന്റെ വേഗം കൂട്ടുന്നതായി പഠനറിപ്പോർട്ട്. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിനു കീഴിൽ വാദിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയൻ ജിയോളജി നടത്തിയ പഠനത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

അസാധാരണമായ രീതിയിലെത്തിയിട്ടില്ലെങ്കിലും 50 വർഷമായി ഉരുകലിന്റെ തോതു കൂടുകയാണ്. രണ്ടുകിലോമീറ്റർ സ്ക്വയറിനു താഴെയുള്ള മഞ്ഞുപാളികളിപ്പോൾ വേഗത്തിലാണ് ഉരുകുന്നത്. 10 കിലോമീറ്റർ സ്ക്വയർ വരെയുള്ളവയെയും ഭാവിയിലിതു ബാധിക്കുമെന്നാണ് ആശങ്ക. ഗംഗ ഉൾപ്പെടെയുള്ള രാജ്യത്തെ പ്രമുഖ നദികളിലെ ജലനിരപ്പിൽ ഇതു മാറ്റംവരുത്തിയേക്കുമെന്നും പഠനം വ്യക്തമാക്കുന്നു.