ഗയ: കടുത്ത ഉഷ്ണതരംഗത്തെത്തുടർന്ന് ബിഹാറിൽ മരിച്ചവരുടെ എണ്ണം 56 ആയി. നൂറിലേറെപ്പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വരുംദിനങ്ങളിൽ മരണസംഖ്യ വർധിക്കാനിടയുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്‌ധരുടെ അഭിപ്രായം.

ഔംറംഗാബാദ്, ഗയ, നവാദ എന്നീ ജില്ലകളിൽനിന്നാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗയ, പട്ന എന്നിവിടങ്ങളിൽ ശനിയാഴ്ച 45 ഡിഗ്രി സെൽഷ്യസിനു മുകളിലായിരുന്നു ചൂട്. ഞായറാഴ്ച സ്ഥലം സന്ദർശിച്ച കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്‌വർധൻ സംഭവം ദൗർഭാഗ്യകരമാണെന്നു പ്രതികരിച്ചു.

മരണത്തിൽ അനുശോചിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മരിച്ചവരുടെ ബന്ധുക്കൾക്കു നാലുലക്ഷംരൂപ സഹായധനം പ്രഖ്യാപിച്ചു. ഉഷ്ണതരംഗം തുടരുന്ന സാഹചര്യത്തിൽ വീടിനു പുറത്തിറങ്ങരുതെന്നു സർക്കാർ മുന്നറിയിപ്പുനല്കി. സ്ഥിതിഗതികൾ കണക്കിലെടുത്ത് പട്നയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് 19 വരെ അവധി നൽകി.