ന്യൂഡൽഹി: ചില പ്രധാനപ്പെട്ട മന്ത്രാലയങ്ങളിൽ രാഷ്ട്രീയനേതാക്കളെ ഒഴിവാക്കി വിദഗ്ധരെ നിയമിക്കണമെന്ന പ്രധാനമന്ത്രിയുടെ താത്പര്യം മന്ത്രിസഭാ പുനഃസംഘടനയിൽ പ്രതിഫലിച്ചേക്കും.

വിദേശകാര്യ വകുപ്പിന്റെ ചുമതല മുൻ വിദേശകാര്യ സെക്രട്ടറി എസ്. ജയ്ശങ്കറിനെ ഏൽപിച്ചതിനു സമാനമായി ധനകാര്യം, റെയിൽവേ തുടങ്ങിയ മന്ത്രാലയങ്ങളിൽ അക്കാദമിക് വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നതിനെക്കുറിച്ചാണ് ആലോചന. ഇതോടൊപ്പം, നിലവിലുള്ള മന്ത്രിമാരുടെ പ്രവർത്തനവും പ്രകടനവും പുനഃസംഘടനയിൽ നിർണായകഘടകമാകും. ഭരണമികവില്ലാത്ത മന്ത്രിമാരെ ഒഴിവാക്കി പാർട്ടി പ്രവർത്തനത്തിന് നിയോഗിക്കും.

ഇതിനായി മന്ത്രിമാരുടെ പ്രകടനം വിലയിരുത്താനുള്ള നടപടികൾ ബി.ജെ.പി.യും പ്രധാനമന്ത്രിയും ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ പൊതുനയത്തോടുള്ള സമീപനം, പ്രധാന പദ്ധതികളുടെ നിർവഹണം, വകുപ്പിൽ പുതുതായി ആവിഷ്കരിച്ച പദ്ധതികൾ, പുതിയ സമീപനങ്ങൾ തുടങ്ങിയ ഘടകങ്ങൾ മന്ത്രിമാരെക്കുറിച്ചുള്ള വിലയിരുത്തലിനുള്ള മാനദണ്ഡങ്ങളായിരിക്കും.

ശിവസേന കൈകാര്യം ചെയ്തിരുന്ന വകുപ്പുകളിൽ പുതിയ മന്ത്രിമാരെ നിയോഗിക്കും. കോൺഗ്രസിൽനിന്ന് അടുത്തിടെ പാർട്ടിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയെയും ടി.എം.സി.യിൽനിന്ന് എത്തിയ മുകുൾ റോയിയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താനിടയുണ്ട്. സിന്ധ്യയുടെ വിശ്വസ്തരെ മധ്യപ്രദേശ് മന്ത്രിസഭയിൽ ഉൾപ്പെടുത്തി കഴിഞ്ഞദിവസം ബി.ജെ.പി. ഉറപ്പ് പാലിച്ചിരുന്നു.

അസമിലെ മുൻ കോൺഗ്രസ് നേതാവും ഇപ്പോൾ വടക്കുകിഴക്കൻ മേഖലയിൽ ബി.ജ.പി.യുടെ മുഖവുമായ ഹിമന്ത് ബിശ്വാസ് ശർമയും മന്ത്രിസ്ഥാന പരിഗണനയിലുണ്ട്. ഇപ്പോൾ അസമിൽ മന്ത്രിയാണ് അദ്ദേഹം.

ഈ വർഷം നടക്കുന്ന ബിഹാർ തിരഞ്ഞെടുപ്പ്, അടുത്തവർഷം നടക്കാനിരിക്കുന്ന കേരളം ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ എന്നിവയും നിർണായക ഘടകങ്ങളാകും. ജനുവരി 20-ന് ജെ.പി. നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തെങ്കിലും ദേശീയ ജനറൽ സെക്രട്ടറിമാരെയും സെക്രട്ടറിമാരെയും നിശ്ചയിച്ചിരുന്നില്ല. മന്ത്രിസഭയിലെ അഴിച്ചുപണിയോടൊപ്പം ഈ സ്ഥാനങ്ങളിലും പുതിയ ആളുകൾ വരും.