ബെംഗളൂരു: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 123 സീറ്റുനേടി കർണാടകത്തിൽ ആരുടെയും പിന്തുണയില്ലാതെ സർക്കാരുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച ജെ.ഡി.എസ്. നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി വോട്ടർമാരുടെ പിന്തുണ നേടാൻ വൈകാരിക പ്രസ്താവനയുമായി രംഗത്തെത്തി. 2023-ലേത് തന്റെ അവസാന നിയമസഭാതിരഞ്ഞെടുപ്പായിരിക്കുമെന്നും പാർട്ടിക്ക് സ്വന്തമായി അഞ്ചു വർഷം ഭരിക്കാനുള്ള അവസരമൊരുക്കണമെന്നും അദ്ദേഹം വോട്ടർമാരോട് ആവശ്യപ്പെട്ടു. മൈസൂരുവിൽ ചാമുണ്ഡേശ്വരീ ക്ഷേത്രത്തിലെത്തിയപ്പോഴാണ് അദ്ദേഹം വോട്ടർമാരുടെ അകമഴിഞ്ഞ പിന്തുണ തേടിയത്.

ഭൂരിപക്ഷം നേടിയില്ലെങ്കിലും ദൈവത്തിന്റെ അനുഗ്രഹത്താൽ രണ്ടുതവണ മുഖ്യമന്ത്രിയായി. അടുത്ത തിരഞ്ഞെടുപ്പ് തന്റെ അവസാനത്തെ നിയമസഭാ തിരഞ്ഞെടുപ്പാണെന്ന് തീരുമാനിച്ചുകഴിഞ്ഞു. ജെ.ഡി.എസിന് സ്വതന്ത്രമായി ഭരണത്തിലെത്താൻ വോട്ടർമാർ അനുഗ്രഹിക്കണം. അധികാരത്തിലെത്തുന്നതും മുഖ്യമന്ത്രിയാകുന്നതും തനിക്കുവേണ്ടിയല്ല. പൊതുജനങ്ങളുടെ നന്മയ്ക്കുതകുന്ന പദ്ധതികൾ നടപ്പാക്കാനാണിതെന്നും അദ്ദേഹം പറഞ്ഞു. പഞ്ചരത്ന എന്ന പേരിൽ അഞ്ചിന പരിപാടികൾ നടപ്പാക്കും. ഗുണനിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യം, ഭവനം, കർഷകക്ഷേമം, തൊഴിൽ എന്നിവയ്ക്കാണ് പഞ്ചരത്ന പദ്ധതികൾ. താൻ ഈ വെല്ലുവിളി ഏറ്റെടുത്ത് മുന്നോട്ടുപോകുകയാണ്. ബി.ജെ.പി.യെയും കോൺഗ്രസിനെയും പരീക്ഷിച്ചു. ഇനി ജെ.ഡി.എസിനെ പരീക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2006-ൽ ബി.ജെ.പി.യുമായി ചേർന്ന് 20 മാസവും 2018-ൽ കോൺഗ്രസുമായി ചേർന്ന് 14 മാസവും കുമാരസ്വാമി മുഖ്യമന്ത്രിയായി ഭരണം നടത്തിയിരുന്നു.