ന്യൂഡൽഹി: ഹാഥ്‌റസ് സംഭവത്തിൽ സംസ്ഥാനസർക്കാരിനെ അപകീർത്തിപ്പെടുത്താൻ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും ഗൂഢാലോചന നടക്കുന്നതായി ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. നിക്ഷിപ്തതാത്പര്യങ്ങളുടെ ഇടപെടൽ ഒഴിവാക്കാൻ കേസന്വേഷണം സി.ബി.ഐ. ഏറ്റെടുക്കണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു.

പ്രദേശത്തെ ക്രമസമാധാനനില തകരാനുള്ള സാധ്യത കണക്കിലെടുത്ത് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പെൺകുട്ടിയുടെ ശവസംസ്കാരം നേരത്തേ നടത്തിയത്. സംസ്കാരച്ചടങ്ങുകളിൽ പങ്കെടുക്കാമെന്ന് കുടുംബാംഗങ്ങൾ സമ്മതിച്ചിരുന്നെന്നും സർക്കാർ പറഞ്ഞു.

ആഭ്യന്തരസെക്രട്ടറിയുടെ നേതൃത്വത്തിലാണ് ഡി.ഐ.ജി. ഉൾപ്പെടുന്ന പ്രത്യേക അന്വേഷണസംഘമുണ്ടാക്കിയത്. അന്വേഷണം സി.ബി.ഐ. ഏറ്റെടുക്കുകയാണെങ്കിൽ നീതിയുക്തമായ നടപടികളുണ്ടാകും. സംഭവത്തിൽ സാമുദായിക, ജാതി കലാപങ്ങളുണ്ടാക്കാനാണ് മാധ്യമങ്ങളുടെ ശ്രമം. ഒരേ സാധനങ്ങളാണ് വ്യാജപ്രചാരണങ്ങൾക്ക് ഉപയോഗിക്കുന്നത്.

രാത്രിയിൽ സംസ്കരിക്കാൻ കാരണം

പെൺകുട്ടിയുടെ മൃതദേഹം രാത്രി 12.45-ന് ഹാഥ്‌റസിലെ വീട്ടിലെത്തിച്ചിരുന്നതായി സർക്കാർ സുപ്രീംകോടതിയിൽ പറഞ്ഞു. അപ്പോഴേക്കും 250-ഓളം പേർ അവിടെയെത്തിയിരുന്നു. അവർ ആംബുലൻസ് തടഞ്ഞ് മൃതദേഹം സംസ്കരിക്കുന്നതിനെതിരേ മുദ്രാവാക്യം വിളിച്ചു. 2.30 വരെ മൃതദേഹം വീട്ടുകാരുടെ പക്കൽത്തന്നെയായിരുന്നു. സെപ്റ്റംബർ 30-ലെ ലഖ്നൗ കോടതിയുടെ ബാബറി മസ്ജിദ് വിധിയുടെകൂടി പശ്ചാത്തലത്തിൽ ഇന്റലിജൻസ് റിപ്പോർട്ടുകൾ കണക്കിലെടുത്താണ് മൃതദേഹം വീട്ടുകാരുടെ അനുമതിയോടെയും മതപരമായചടങ്ങുകളോടെയും സംസ്കരിക്കാൻ തീരുമാനിച്ചത്. അപൂർവമായ സാഹചര്യങ്ങൾ കണക്കിലെടുത്താണ് അങ്ങനെ ചെയ്യേണ്ടിവന്നത്. അപ്പോഴേക്കും മൃതദേഹം പോസ്റ്റ്‌മോർട്ടംചെയ്ത് 20 മണിക്കൂറായിരുന്നു.

ബലാത്സംഗംനടന്നിട്ടില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്

ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട ഫൊറൻസിക് പരിശോധനയിൽ ബലാത്സംഗം നടന്നിട്ടില്ലെന്നാണ് പറയുന്നതെന്ന് സർക്കാർ അറിയിച്ചു. കൂട്ടബലാത്സംഗം നടന്നുവെന്ന ആരോപണത്തെത്തുടർന്നാണ് പരിശോധന നടത്തിയത്. പെൺകുട്ടിയുടെ ദേഹത്ത് പോറൽ, ചതവ്, ആഴത്തിലുള്ള മുറിവ്, വീക്കം എന്നിവയൊന്നും കണ്ടെത്തിയിട്ടില്ല. പ്രഥമദൃഷ്ട്യാ ബലാത്സംഗംനടന്നിട്ടില്ല. പെൺകുട്ടിയുടെ മൂക്ക്, ചെവി, വായ എന്നിവിടങ്ങളിലോ മറ്റെവിടെയെങ്കിലുമോ സാരമായ പരിക്കില്ല.

കഴുത്തിനേറ്റ (സെർവിക്കൽ സ്പൈൻ) പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ശ്വാസംമുട്ടിയല്ല മരിച്ചതെന്നും അതിൽ പറയുന്നതായി സർക്കാർ വ്യക്തമാക്കി.