അലിഗഢ് (യു.പി.): ദളിത് യുവതിയെ കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസ് രാജ്യവ്യാപകമായി ചർച്ചചെയ്യുന്നതിനിടെ ഹാഥ്റസിൽ ആറുവയസ്സുകാരിയെ ബന്ധു ബലാത്സംഗം ചെയ്തു. ഗുരുതരാവസ്ഥയിലായ പെൺകുട്ടി ഡൽഹിയിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചു.

അലിഗഢിലെ ബന്ധുവീട്ടിൽ അടച്ചിട്ട നിലയിലായിരുന്ന കുട്ടിയെ സെപ്റ്റംബർ 17-നാണ് കണ്ടെത്തിയത്. നാട്ടിലെ ഒരു സന്നദ്ധസംഘടന വിവരമറിയിച്ചതിനെത്തുടർന്ന് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഉടൻതന്നെ ജെ. എൻ. മെഡിക്കൽ കോളേജിലേക്കും തുടർന്ന് ഡൽഹിയിലെ സഫ്ദർജംഗ്‌ ആശുപത്രിയിലേക്കും മാറ്റി. ബന്ധുവായ പതിനഞ്ചുകാരനാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ മാതൃസഹോദരീപുത്രനാണ് പ്രതി. ഇയാൾ ഒളിവിലാണ്.

പോലീസ് നടപടി വൈകിയതിൽ പ്രതിഷേധിച്ച് മൃതദേഹവുമായി ബന്ധുക്കൾ ഹാഥ്റസിൽ റോഡ് ഉപരോധിച്ചു. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സംസാരിച്ചശേഷംമാത്രമാണ് മൃതദേഹം സംസ്കരിക്കാൻ ബന്ധുക്കൾ തയ്യാറായത്. സ്ഥലത്തെ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറെ സസ്പെൻഡ്ചെയ്തിട്ടുണ്ട്.

Content Highlights: Hathras Rape