ന്യൂഡൽഹി: ഹാഥ്‌റസ് പെൺകുട്ടിയുടെ വീട് സന്ദർശിക്കുന്നതിൽ നിന്ന് യു.പി. സർക്കാരും ജില്ലാഭരണകൂടവും തങ്ങളെ ബോധപൂർവം വിലക്കുകയായിരുന്നെന്ന് ഇടത് എം.പി.മാർ പത്രസമ്മേളനത്തിൽ ആരോപിച്ചു. പെൺകുട്ടിയുടെ കുടുംബം ഭയത്തിലാണ് കഴിയുന്നതെന്നും അവരെ സന്ദർശിക്കാൻ വീണ്ടും ശ്രമിക്കുമെന്നും എളമരം കരീം എം.പി. പറഞ്ഞു.

“സന്ദർശനവിവരം ജില്ലാകളക്ടറെയും പോലീസ് അധികാരികളെയും ഔദ്യോഗികമായി അറിയിച്ചിരുന്നു. അവർ കാണാമെന്ന ഉറപ്പും കഴിഞ്ഞദിവസം നൽകി. എന്നാൽ, പെൺകുട്ടിയുടെ വീട്ടുകാർ ഞായറാഴ്ച ഹാഥ്‌റസിലുണ്ടാകില്ലെന്ന് ശനിയാഴ്ച രാത്രി വൈകി പോലീസ് അറിയിച്ചു. ലഖ്നൗ ഹൈക്കോടതി തിങ്കളാഴ്ച കേസ് പരിഗണിക്കുന്നുണ്ടെന്നും ഞായറാഴ്ചതന്നെ കുടുംബത്തെ അങ്ങോട്ട് കൊണ്ടുപോകുമെന്നുമാണ് പോലീസ് അറിയിച്ചത്.

എം.പി.മാർ ഞായറാഴ്ച രാവിലെ ബന്ധപ്പെട്ടപ്പോഴും കുടുംബാംഗങ്ങൾ സ്ഥലത്തുണ്ടാവില്ലെന്നും വരേണ്ടതില്ലെന്നും പോലീസ് അറിയിച്ചു. രാവിലെതന്നെ ലഖ്‌നൗവിലേക്ക് തിരിക്കുമെന്നാണ് പോലീസ് അധികൃതർ എം.പി.മാരോട് പറഞ്ഞത്. ലഖ്‌നൗവിലേയ്ക്കു പുറപ്പെടാൻ രാവിലെ പത്തിനു മുമ്പായി തയ്യാറായിരിക്കാൻ പോലീസ് നിർദേശിച്ചിരുന്നതായി വീട്ടുകാരും പറഞ്ഞു. ഇതേത്തുടർന്ന്, എം.പി.മാർ സന്ദർശനം ഉപേക്ഷിച്ചു.

എന്നാൽ, ഞായറാഴ്ച കുടുംബത്തെ ലഖ്‌നൗവിലേയ്ക്കു കൊണ്ടുപോയില്ല. തിങ്കളാഴ്ച പുലർച്ചെ മാത്രമേ പുറപ്പെടൂവെന്ന് പിന്നീട് പോലീസ് വീട്ടുകാരെ അറിയിച്ചു. ഇതോടെ, എം.പി.മാരുടെ സന്ദർശനം വിലക്കുകയായിരുന്നു പോലീസിന്റെ തന്ത്രമെന്ന് വ്യക്തമായി” -എളമരം കരീം കുറ്റപ്പെടുത്തി. സി.ബി.ഐ.യുടെ പൂർവചരിത്രം വിലയിരുത്തിയാൽ അവർ പ്രതികൾക്കും സർക്കാരിനും ക്ലീൻചിറ്റ് നൽകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

യോഗിയുടെ യു.പി.യിൽ ദളിതുകൾക്കും സ്ത്രീകൾക്കും ജീവിക്കാനാവാത്ത സാഹചര്യമാണെന്ന് ബിനോയ് വിശ്വം വിമർശിച്ചു. സത്യം അറിയാൻ പാടില്ലെന്നതിനാൽ ബി.ജെ.പി. സർക്കാർ കൗശലം കാട്ടി ഞങ്ങളെ തടഞ്ഞു. ബി.ജെ.പി. ഭരണ സംസ്ഥാനങ്ങളിൽ ദളിതരും സ്ത്രീകളും പീഡിപ്പിക്കപ്പെടുന്നതിന് ബിഹാർ തിരഞ്ഞെടുപ്പിൽ മറുപടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. യോഗി ആദിത്യനാഥിന്റെ ഭരണത്തിൽ മനുസ്മൃതിയും ചാതുർവർണ്യവ്യവസ്ഥയുമാണ് നിയമസംഹിതകളെന്ന് ബികാസ് രഞ്ജൻ ഭട്ടാചാര്യ കുറ്റപ്പെടുത്തി. എം.വി. ശ്രേയാംസ്‌കുമാർ എം.പി.യും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: Hathras left MPs