ന്യൂഡൽഹി: ജില്ലാഭരണകൂടത്തിന്റെ തടവിലാണ് തങ്ങളെന്ന് ഹാഥ്‌റസിൽ കൂട്ടബലാത്സംഗത്തെത്തുടർന്ന് കൊല്ലപ്പെട്ട യുവതിയുടെ കുടുംബം. മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇവർ അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു.

യുവതിയുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, രണ്ടു ബന്ധുക്കൾ എന്നിവർക്കായി അഖില ഭാരതീയ വാല്മീകി മഹാപഞ്ചായത്ത് ദേശീയ ജനറൽ സെക്രട്ടറി സുരേന്ദ്ര കുമാറാണ് കോടതിയിൽ ഹർജി നൽകിയത്. സെപ്റ്റംബർ 29-നുശേഷം വീട്ടിൽ നിന്നിറങ്ങാനോ ആരെയും കാണാനോ ജില്ലാഭരണകൂടം അനുവദിക്കുന്നില്ല. സന്ദർശകരെ അനുവദിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളുണ്ട്. സഹോദരന്റെ ടെലിഫോൺ വിളികളുടെ രേഖകൾ പുറത്തുവിട്ടു സമ്മർദത്തിലാക്കുന്നു. സ്വതന്ത്രമായി സഞ്ചരിക്കാനും സംസാരിക്കാനുമുള്ള മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. ഭയത്തിലാണ് വീട്ടിനുള്ളിൽപ്പോലും കഴിയുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഡൽഹിയിൽ പോകാൻ ആഗ്രഹിക്കുന്നു. അതിനാൽ തടങ്കലിൽനിന്ന് മോചിപ്പിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ഹർജി തിങ്കളാഴ്ച പരിഗണിക്കും.

യുവതിയുടെ കുടുംബത്തിന്റെ സുരക്ഷയ്ക്കായി രണ്ടു വനിതാ എസ്.ഐ., പത്തു വനിതാ കോൺസ്റ്റബിൾമാർ എന്നിവരുടെ സംഘത്തെ വ്യാഴാഴ്ച അധികമായി നിയോഗിച്ചു. ഹാഥ്‌റസ് ജില്ലയിൽ സുരക്ഷയ്ക്കു പ്രത്യേക മേൽനോട്ടം വഹിക്കാൻ എ.ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥനെയും ചുമതലപ്പെടുത്തി.

കേസിൽ കുടുക്കിയെന്ന് പ്രതികൾ

ഹാഥ്‌റസ് ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട കേസിൽ തങ്ങളെ കുടുക്കിയതാണെന്ന് പ്രതികളുടെ കത്ത്. അറസ്റ്റിലായ മുഖ്യപ്രതി സന്ദീപ് ഠാക്കൂറിന്റെ പേരിലാണ് കത്ത് പ്രചരിക്കുന്നത്. യുവതിയുമായി സൗഹൃദമുണ്ടായിരുന്നു. ദിവസത്തിലൊരിക്കൽ സംസാരിച്ചിരുന്നു. സംഭവം നടന്ന ദിവസവും സംസാരിച്ചിരുന്നു. അപ്പോൾ യുവതിയുടെ സഹോദരനും അമ്മയുമുണ്ടായിരുന്നു. പിന്നീട് താൻ വീട്ടിലേക്കുമടങ്ങി. എന്നാൽ, കുറച്ചു സമയത്തിനു ശേഷം യുവതിയുടെ സഹോദരനും അമ്മയും ക്രൂരമായി മർദിച്ചുവെന്ന് അറിയാൻ കഴിഞ്ഞു. താൻ അവളോട് ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല. -കത്തിൽ സന്ദീപ് അവകാശപ്പെടുന്നു.

വസ്തുതാന്വേഷണവുമായി ഇടത് എം.പി.മാർ

ന്യൂഡൽഹി: ഇടതുപക്ഷ എം.പിമാരുടെ വസ്തുതാന്വേഷണ സംഘം ഞായറാഴ്ച ഹാഥ്‌റസ് സന്ദർശിക്കും. എളമരം കരീം, ബികാസ് രഞ്ജൻ ഭട്ടാചാര്യ (സി.പി.എം.), ബിനോയ് വിശ്വം (സി.പി.ഐ.), എം.വി. ശ്രേയാംസ്‌കുമാർ (എൽ.ജെ.ഡി.) എന്നിവരടങ്ങുന്നതാണ് സംഘം.

യുവതിയുടെ വീടിനു നേരെ തുടർച്ചയായി ആക്രമണങ്ങളുണ്ടായ പശ്ചാത്തലത്തിൽ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സുരക്ഷ ചർച്ച ചെയ്യാൻ ജില്ലാ കളക്ടറുമായും ജില്ലാ പോലീസ് മേധാവിയുമായും കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിനുശേഷം രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി എന്നിവർക്ക് എം.പി.മാർ റിപ്പോർട്ടു സമർപ്പിക്കും.