ന്യൂഡൽഹി: ഹാഥ്റസ് സംഭവം സി.ബി.ഐ.യോ എസ്.ഐ.ടി.യോ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന ഹർജികളിൽ സുപ്രീംകോടതി ചൊവ്വാഴ്ച വിധിപറയും. ബലാത്സംഗക്കൊലക്കേസിൽ അലഹാബാദ് ഹൈക്കോടതി മേൽനോട്ടം വഹിക്കട്ടേയെന്നും എന്തെങ്കിലും കുഴപ്പമുണ്ടായാൽ നോക്കാമെന്നും കേസ് വിധിപറയാൻ മാറ്റിക്കൊണ്ട് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചിരുന്നു.

ഉത്തർപ്രദേശിൽ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാൽ ഡൽഹിയിലെ കോടതിയിലേക്ക് കേസ് മാറ്റണമെന്നും പെൺകുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന് ഉന്നാവോകേസിലേതുപോലെ സി.ആർ.പി.എഫിന്റെ സംരക്ഷണം വേണമെന്നും ആവശ്യമുയർന്നു. സുരക്ഷ നൽകുന്നത് ആരായാലും വിരോധമില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ വ്യക്തമാക്കി. കേസ് സി.ബി.ഐ.ക്ക് കൈമാറിയിട്ടുണ്ടെന്നും സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അവർ ആവശ്യപ്പെട്ടു.

Content Highlights: Hathras case Supreme court