ന്യൂഡൽഹി: ഹാഥ്‌റസിലെ ബലാത്സംഗക്കൊലയിൽ യു.പി. സർക്കാർ കഴിഞ്ഞ ദിവസം സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ചെങ്കിലും വിവാദവും പ്രതിഷേധവും കെട്ടടങ്ങുന്നില്ല. ബലാത്സംഗം നടന്നിട്ടില്ലെന്ന പോലീസിന്റെ വാദം തള്ളി യുവതിയെ ആദ്യം ചികിത്സിച്ച അലിഗഢ് ജവാഹർലാൽ നെഹ്‌റു മെഡിക്കൽ കോളേജ്‌ ആശുപത്രിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നു. ബലപ്രയോഗം നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ലൈംഗികാതിക്രമം നടന്നതായി യുവതി മൊഴി നൽകിയിരുന്നതായി അസി. പ്രൊഫസർ ഫൈസ് അഹമ്മദ് ഒപ്പിട്ട മെഡിക്കൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. സംഭവം നടന്നപ്പോഴോ അതിനുശേഷമോ ഉള്ള കടുത്തവേദനയിൽ യുവതി ബോധരഹിതയായി. വായ് മൂടിക്കെട്ടുകയും ശ്വാസം മുട്ടിക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 14-ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 22-നാണ് യുവതി ബലാത്സംഗത്തെക്കുറിച്ച് പറഞ്ഞത്. ഗുരുതരാവസ്ഥയിലായതിനാൽ മരണമൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേറ്റിനെ വിളിച്ചുവരുത്തി. ആക്രമിച്ചവരുടെ പേരുകളും വെളിപ്പെടുത്തി- മെഡിക്കൽ റിപ്പോർട്ട് പറയുന്നു.

ഫൊറൻസിക് റിപ്പോർട്ടിൽ ബലാത്സംഗം പരാമർശിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു. സാംപിൾ പരിശോധനയിൽ പുരുഷബീജം കണ്ടെത്തിയിട്ടില്ലെന്നു ഫൊറൻസിക് റിപ്പോർട്ടിലുണ്ടെന്നാണ് ബലാത്സംഗക്കുറ്റം തള്ളാൻ പോലീസ് പറയുന്ന ന്യായം. അതിനിടെ, പ്രത്യേകാന്വേഷണ സംഘം വീണ്ടും യുവതിയുടെ വീട്ടിലെത്തി അച്ഛനുൾപ്പെടെയുള്ളവരുടെ മൊഴിയെടുത്തു.

പ്രതികൾക്കായി ബി.ജെ.പി. നേതാവിന്റെ വീട്ടിൽ യോഗം

വ്യാജ ആരോപണമുന്നയിച്ചതിന്റെ പേരിൽ യുവതിയുടെ വീട്ടുകാർക്കെതിരേ കേസെടുക്കണമെന്ന ആവശ്യവുമായി ബൂൽഗഢി ഗ്രാമത്തിലെ മുന്നാക്ക ജാതിക്കാർ യോഗം ചേർന്നു. ബി.ജെ.പി. നേതാവ് രാജ് വീർ സിങ് പെഹൽവാന്റെ വീട്ടിൽ ഞായറാഴ്ച നടന്ന യോഗത്തിൽ അഞ്ഞൂറോളം ഠാക്കൂർമാരും ബ്രാഹ്മണരും പങ്കെടുത്തു. കേസിൽ അറസ്റ്റിലായ രാമുവിന്റെ കുടുംബാംഗങ്ങളും യോഗത്തിലുണ്ടായിരുന്നു. യുവതിയുടെ വീട്ടുകാർ എന്തുകൊണ്ട് നുണ പരിശോധനയ്ക്കു തയ്യാറാവുന്നില്ലെന്നാണ് ഇവരുടെ ചോദ്യം. ചിത്രീകരിക്കുന്നതുപോലെ തെറ്റുകാരല്ല കുറ്റാരോപിതരെന്നും സി.ബി.ഐ. അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്നും മുൻ എം.എൽ.എ. കൂടിയായ രാജ് വീർ പെഹൽവാൻ പറഞ്ഞു.

നേതാക്കളുടെ പ്രവാഹം; ലാത്തിച്ചാർജ്, നിരോധനാജ്ഞ

മാധ്യമപ്പടയ്ക്കു പിന്നാലെ, ഹാഥ്‌റസ് യുവതിയുടെ വീട്ടിലേക്ക്‌ വിവിധ പാർട്ടി നേതാക്കളുടെ പ്രവാഹമായിരുന്നു ഞായറാഴ്ച. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദായിരുന്നു ഇക്കൂട്ടത്തിൽ പ്രമുഖൻ. ഹാഥ്‌റസിൽ എത്തുന്നതിനു മുമ്പ് രണ്ടുവട്ടം ആസാദിനെ പോലീസ് തടഞ്ഞു. പ്രവർത്തകർക്കൊപ്പം മാർച്ചു നടത്തി ആസാദ് ഹാഥ്‌റസിലെത്തി യുവതിയുടെ വീട്ടുകാരെ കണ്ടു. വീട്ടുകാർ സുരക്ഷിതരല്ലെന്നും അവർക്കു സുരക്ഷ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കിസാൻസഭ ജോ. സെക്രട്ടറി വിജു കൃഷ്ണൻ, സി.ഐ.ടി.യു. ദേശീയ സെക്രട്ടറി എ.ആർ. സിന്ധു എന്നിവരും ഹാഥ്റസിലെത്തി. സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് അവർ ആവശ്യപ്പെട്ടു.

വീടു സന്ദർശിക്കാനെത്തിയ ആർ.എൽ.ഡി. നേതാവ് ജയന്തി ചൗധരിയെയും സംഘത്തെയും പോലീസ് ലാത്തിച്ചാർജ് ചെയ്തു. എസ്.പി. നിയോഗിച്ച പതിനൊന്നംഗ വസ്തുതാന്വേഷണ സംഘത്തെ ആഗ്രയിൽ തടഞ്ഞതും നേരിയ സംഘർഷത്തിൽ കലാശിച്ചു. ധർമേന്ദ്ര യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാർട്ടി സംഘം യുവതിയുടെ വീട്ടുകാരെ സന്ദർശിച്ചു.

അസ്ഥിയൊഴുക്കാതെ പ്രതിഷേധം

യു.പി. സർക്കാരിനോടുള്ള പ്രതിഷേധസൂചകമായി യുവതിയുടെ അസ്ഥി നിമജ്ജനം ചെയ്യാൻ തയ്യാറാവാതെ വീട്ടുകാർ. അതേസമയം, മൃതദേഹം ദഹിപ്പിച്ച സ്ഥലത്തുനിന്ന് അസ്ഥികൾ സഹോദരൻ ശേഖരിച്ചു. ‘മനുഷ്യത്വം കൊണ്ടാണ് അതു ചെയ്തത്. അല്ലാതെ, ഞങ്ങൾക്കു നീതി ലഭിച്ചതുകൊണ്ടല്ല. ഈ അസ്ഥി അവളുടേതാണെന്ന് എന്താണ് ഉറപ്പ് ?’ -സഹോദരൻ ചോദിച്ചു.

Content Highlights: Hathras case Rape