ന്യൂഡൽഹി: ഹാഥ്‌റസ് സംഭവം അസാധാരണവും ഭയാനകവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് സുപ്രീംകോടതി വാക്കാൽ നിരീക്ഷിച്ചു. കേസിലെ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കുന്നതുസംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ ഉത്തർപ്രദേശ് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് അഭിഭാഷകരുണ്ടോയെന്നും വ്യക്തമാക്കണം. കേസിൽ സുഗമമായ അന്വേഷണം ഉറപ്പാക്കുമെന്ന് പറഞ്ഞ കോടതി, ഹർജികൾ അടുത്തയാഴ്ചത്തേക്ക്‌ മാറ്റി.

സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പരിഗണിച്ചത്. സാക്ഷികൾ ഇപ്പോൾത്തന്നെ സംരക്ഷണത്തിലാണെന്നും സംഭവത്തിൽ സുപ്രീംകോടതി മേൽനോട്ടത്തോടെയുള്ള സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം വേണമെന്നും യു.പി. സർക്കാരിനുവേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.

പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്കും സാക്ഷികൾക്കും സുരക്ഷ നൽകണമെന്ന് ഹർജിക്കാർക്കുവേണ്ടി മുതിർന്ന അഭിഭാഷക ഇന്ദിരാ ജെയ്‌സിങ് ആവശ്യപ്പെട്ടു. വിചാരണ ഉത്തർപ്രദേശിൽനിന്ന് മാറ്റണമെന്നും നിർദേശിച്ചു. എന്നാൽ, അന്വേഷണമാണോ വിചാരണയാണോ മാറ്റേണ്ടതെന്ന് ചോദിച്ച ചീഫ് ജസ്റ്റിസ്, ഞെട്ടിപ്പിക്കുന്ന അസാധാരണ സംഭവമായതുകൊണ്ടുമാത്രമാണ് നിങ്ങളെ കേൾക്കുന്നതെന്നും അല്ലാത്തപക്ഷം ക്രിമിനൽ കേസിൽ നിങ്ങൾക്ക് (പുറത്തുനിന്നുള്ള ഹർജിക്കാർക്ക്) കാര്യമില്ലെന്നും ചൂണ്ടിക്കാട്ടി.

സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് സ്ത്രീകളെഴുതിയ കത്തുകൂടി പരിഗണിക്കണമെന്ന് മറ്റൊരു അഭിഭാഷക ആവശ്യപ്പെട്ടപ്പോൾ എല്ലാവരും ഒരേവിഷയം ആവർത്തിക്കേണ്ടതില്ലെന്നും എന്തുകൊണ്ട് അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചുകൂടായെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു. ഹർജിയെ എതിർക്കുന്നില്ലെന്ന് ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു. സംഭവത്തെക്കുറിച്ച് കഥകൾ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു പെൺകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നതാണ് ദുഃഖസത്യമെന്നും സംസ്ഥാന സർക്കാർ പറഞ്ഞു. ഹാഥ്‌റസ് സംഭവത്തിൽ അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. അതിൽ ഈമാസം 12-ന് വാദംകേൾക്കും.