ന്യൂഡൽഹി: ഹാഥ്‌റസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിനുപിന്നിൽ ജാതിവെറിയുമുണ്ടെന്ന് സാമൂഹിക പ്രവർത്തകരുടെ വസ്തുതാന്വേഷണ സംഘം. ഠാക്കുർമാർ ഏറെയുള്ള ഗ്രാമത്തിൽ ദളിതര് ന്യൂനപക്ഷമാണ്. കാലങ്ങളായുള്ള ജാതിവിവേചനത്തിന്റെ ഫലം കൂടിയാണ് ഹാഥ്‌റസിലെ ക്രൂരതയെന്ന് മേധാ പട്കറുടെ നേതൃത്വത്തിലുള്ള സംഘം റിപ്പോർട്ടിൽ വിലയിരുത്തി.

കർഷകത്തൊഴിലാളികളാണ് ദളിതർ. ഇവരുടെ സേവനം മുന്നാക്ക ജാതിക്കാർ ഉപയോഗിക്കുന്നു. കന്നുകാലികളെ ആശ്രയിച്ചാണ് ദളിതരുടെ വരുമാനം. ഹാഥ്‌റസിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മുത്തച്ഛനെ മുമ്പ് കന്നുകാലികളെച്ചൊല്ലിയുള്ള തർക്കത്തിൽ ഠാക്കുർമാർ മർദിച്ചിരുന്നു. അദ്ദേഹത്തിന്റെ വിരൽ മുറിച്ചെടുക്കുകയും ചെയ്തു. രണ്ടുദശകങ്ങളായി ഠാക്കുർമാരും ദളിതരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നില്ല.

1990-ൽ മായാവതിയുടെ ഭരണകാലത്ത് ഒരു കുടുംബത്തിന് അഞ്ചു ബിഗ സ്ഥലം അനുവദിച്ചിരുന്നു. എന്നാൽ, അവർക്ക് മൂന്നര ബിഗ മാത്രമേ ലഭിച്ചിട്ടുള്ളൂ. ബാക്കിയുള്ള സ്ഥലം ബ്രാഹ്മണർ കൈയേറി. ഇങ്ങനെ, വലിയ തോതിലുള്ള വിവേചനമാണ് ഗ്രാമത്തിൽ ദളിതർ നേരിടുന്നതെന്നും ഹാഥ്‌റസിലെ ബൂൽഗഢി ഗ്രാമം സന്ദർശിച്ച സംഘം കണ്ടെത്തി.

Content Highlights: Hathras case fact finding team