അലിഗഢ്: ഉത്തർപ്രദേശിലെ ഹാഥ്റസിലെ യുവതി ബലാത്സംഗത്തിനിരയായിട്ടില്ലെന്ന പോലീസ് വാദം തള്ളിയതിന്റെപേരിൽ പുറത്താക്കപ്പെട്ട രണ്ട് ഡോക്ടർമാരുടെയും കരാർ കാലാവധി നീട്ടാമെന്ന് അലിഗഢ് മുസ്‌ലിം സർവകലാശാല (എ.എം.യു.) സമ്മതിച്ചു. ഡോക്ടർമാരെ പുറത്താക്കിയ സംഭവം വൻ വിവാദങ്ങൾക്ക് വഴിയോരുക്കിയ സാഹചര്യത്തിലാണ് നടപടി.

ഡോ. അസീം മാലിഖ്, ഡോ. ഒബെയ്ദ് ഇംതിയാസ് എന്നിവരുടെ കരാറാണ് നീട്ടുന്നത്. ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസറുടെ ആവശ്യപ്രകാരം ഡോക്ടർമാരുടെ കരാർ നീട്ടാനുള്ള നിർദേശത്തിന് അനുമതി നൽകിയിട്ടുണ്ടെന്ന് എ.എം.യു. വക്താവ് ഒമർ സലീം പീർസാദ അറിയിച്ചു. ഡോക്ടർമാരെ ജോലിയിൽനിന്നു പിരിച്ചുവിട്ടെന്ന ആരോപണങ്ങൾ എ.എം.യു. അധികൃതർ നിഷേധിച്ചു.

ഹാഥ്റസ് കേസ് അന്വേഷിക്കുന്ന സി.ബി.ഐ. സംഘം ആശുപത്രി സന്ദർശിച്ചതിന്റെ പിറ്റേന്ന് ചൊവ്വാഴ്ചയാണ് രണ്ടു ഡോക്ടർമാരുടെയും കരാർ കാലാവധി കഴിഞ്ഞെന്ന ഉത്തരവ് ചീഫ് മെഡിക്കൽ ഓഫീസർ എസ്.എ. സൈദി നൽകിയത്.