പത്തുവർഷം തുടർച്ചയായി ഭരണത്തിലിരുന്ന കോൺഗ്രസിനെ അട്ടിമറിച്ചാണ് 2014-ൽ ബി.ജെ.പി. ഹരിയാണയിൽ അധികാരത്തിലേറുന്നത്. അഞ്ചുവർഷത്തിനുശേഷം ആത്മവിശ്വാസത്തോടെയാണ് അവർ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. കോൺഗ്രസാകട്ടെ ഇപ്പോഴും വീഴ്ചയിൽനിന്നു കരകയറാൻ ശ്രമിക്കുന്ന കാഴ്ചയാണ്.

രണ്ടിൽനിന്നു നാലിലേക്കും അവിടെനിന്ന് 47-ലേക്കും സീറ്റുകൾ വളർത്തിയായിരുന്നു ഹരിയാണയിൽ ആദ്യമായി ബി.ജെ.പി. അധികാരത്തിലേറുന്നത്. തുടർച്ചയായി രണ്ടാംതവണയും വൻഭൂരിപക്ഷത്തിൽ അധികാരത്തിലേറി ചരിത്രം കുറിക്കുമെന്നാണ് പാർട്ടി അവകാശപ്പെടുന്നത്.

സംസ്ഥാനത്ത് നേരത്തേ ബി.ജെ.പി. പ്രചാരണത്തിനു തുടക്കമിട്ടിരുന്നു. സെപ്റ്റംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദിതന്നെ ഇതിനായെത്തി. മോദിയുടെ പ്രചാരണത്തുടക്കംതന്നെ ബി.ജെ.പി.യുടെ മുന്നേറ്റത്തിനു കുതിപ്പേകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനനേതൃത്വം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മോദിക്കൊരു വോട്ടെന്നായിരുന്നു ഹരിയാണയിലെങ്ങും മുഴങ്ങിയ മുദ്രാവാക്യം. പോൾചെയ്ത വോട്ടിന്റെ 58 ശതമാനവും ബി.ജെ.പി.ക്കു ലഭിച്ചു. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെതിരേ ഭരണവിരുദ്ധവികാരമൊന്നും ഇല്ലെന്നതിന്റെ സൂചനയായാണ് ബി.ജെ.പി. ഇതിനെ വിലയിരുത്തുന്നത്.

കാർഷികപ്രശ്നങ്ങളുൾപ്പെടെയുള്ള ജനകീയവിഷയങ്ങളുമായി ജനങ്ങളെ സമീപിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. സാമ്പത്തികപ്രതിസന്ധിയുടെ കാലത്ത് ജനകീയ വിഷയങ്ങളിലൂന്നി പ്രചാരണം നടത്തിയാൽ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലുമുണ്ടാക്കിയതുപോലുള്ള മുന്നേറ്റം സാധ്യമാവുമെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. ഇടക്കാലത്ത് പാർട്ടിയിലുണ്ടായിരുന്ന ഭിന്നതയ്ക്കു തടയിട്ട് മുൻ മുഖ്യമന്ത്രി ഭൂപീന്ദർസിങ് ഹുഡ്ഡയെ വീണ്ടും നേതൃത്വത്തിലേക്കു കൊണ്ടുവന്നതും പി.സി.സി. അധ്യക്ഷയായി കുമാരി ഷെൽജയെ നിയോഗിച്ചതും ഗുണംചെയ്യുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

എന്നാൽ, പ്രതിപക്ഷത്തെ മറ്റുപാർട്ടികളുമായി സഖ്യമുണ്ടാക്കാനായില്ലെങ്കിൽ കോൺഗ്രസിനു തിരിച്ചടി തന്നെയായിരിക്കും ഫലമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എ.എ.പി. സഖ്യത്തിനു ശ്രമം നടത്തിയിരുന്നു.

മുൻ ഉപപ്രധാനമന്ത്രി ദേവിലാൽ സ്ഥാപിച്ച ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐ.എൻ.എൽ.ഡി.) ചൗട്ടാല കുടുംബത്തിലെ ഉൾപ്പോരുകാരണം തകർച്ചയുടെ വക്കത്താണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രണ്ടാംസ്ഥാനത്തെത്തിയ പാർട്ടിയിലെ ഒരുവിഭാഗം എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേരുകയും മറ്റുചില നേതാക്കൾ കോൺഗ്രസിലെത്തുകയും ചെയ്തിരുന്നു. മുൻ മുഖ്യമന്ത്രി ഓംപ്രകാശ് ചൗട്ടാലയുടെ കൊച്ചുമകൻ ദുഷ്യന്ത് ചൗട്ടാല ഐ.എൻ.എൽ.ഡി. വിട്ടശേഷം ഉണ്ടാക്കിയ ജനനായക ജനതാപാർട്ടി (ജെ.ജെ.പി.)യുടെ നിലപാടും നിർണായകമാണ്.

കക്ഷിനില 2014 (90 സീറ്റ്‌)

ബി.ജെ.പി.-47

ഐ.എൻ.എൽ.ഡി.-19

കോൺഗ്രസ്-17

സ്വതന്ത്രർ-5

ബി.എസ്.പി.-1

എസ്.എ.ഡി.-1

Content Highlights: Haryana Asembly Election