ന്യൂഡൽഹി: ഉത്തരേന്ത്യയിൽ വിളവെടുപ്പു കഴിഞ്ഞതോടെ രാജ്യതലസ്ഥാനാതിർത്തികളിലെ കർഷകപ്രക്ഷോഭം വീണ്ടും കരുത്താർജിക്കുന്നു. സമരം 167 ദിവസം പിന്നിട്ട ബുധനാഴ്ച കൂടുതൽ കർഷകർ ട്രക്കുകളിലും വണ്ടികളിലുമായി സിംഘു, തിക്രി അതിർത്തികളിലെത്തി. ഇതിനിടെ, പി.എം. കിസാൻ പദ്ധതിയനുസരിച്ച് കർഷകർക്കുള്ള സഹായധനം വിതരണം ചെയ്യാൻ കേന്ദ്രസർക്കാർ നടപടി തുടങ്ങി.

ഒന്നാം സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷി മംഗൽ പാണ്ഡെയ്ക്ക് സംയുക്ത കിസാൻ മോർച്ച ഗാസിപ്പുർ അതിർത്തിയിൽ ആദരാഞ്ജലിയർപ്പിച്ചു. കാർഷികനിയമങ്ങൾ റദ്ദാക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് സമരക്കാർ ആവർത്തിച്ചു. കോവിഡ് പടർന്നുപിടിക്കുമ്പോൾ അടിസ്ഥാന ആരോഗ്യസൗകര്യംപോലും കേന്ദ്രസർക്കാർ ലഭ്യമാക്കുന്നില്ലെന്നും ആരോപിച്ചു.

പഞ്ചാബിൽനിന്നുള്ള കർഷകരാണ് ട്രാക്ടറുകളിലും കാറുകളിലും മറ്റുമായി വരാൻ തുടങ്ങിയത്. ടെന്റുകളിലും മറ്റും കഴിയാനുള്ള തയ്യാറെടുപ്പുമായിട്ടാണ് വരവ്. കൂടുതൽ കർഷകരെത്തുമെന്നും സമരം ഇനിയും കരുത്താർജിക്കുമെന്നും കോവിഡ് സുരക്ഷ പാലിച്ചാണ് സമര വൊളന്റിയർമാർ അതിർത്തികളിൽ ഇരിക്കുന്നതെന്നും കിസാൻ മോർച്ച വക്താവ് ഡോ. ദർശൻപാൽ പറഞ്ഞു.

പി.എം. കിസാൻ പദ്ധതിയനുസരിച്ചുള്ള സഹായവിതരണം വെള്ളിയാഴ്ച ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇത്തവണ സഹായധനം സ്വീകരിക്കാൻ യോഗ്യത നേടിയിട്ടുള്ള ഒമ്പതരക്കോടി കർഷകരുണ്ടെന്നാണ് കണക്കുകൾ. ഇതിനായി 19,000 കോടി രൂപ കേന്ദ്രം വകയിരുത്തി. ഡിസംബറിൽ കർഷകർക്കുള്ള ഗഡുവായി 18,000 കോടിരൂപ വിതരണം ചെയ്തിരുന്നു. വെള്ളിയാഴ്ച വിതരണം തുടങ്ങുന്നത് ഈ സാമ്പത്തികവർഷത്തെ ആദ്യഗഡുവാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

content highlights: harvesting over; farmers are back to delhi border