റോത്തക്: മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെടുത്തി സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് ഹരിയാണയില്‍ ജാട്ട് വിഭാഗം നടത്തുന്ന പ്രക്ഷോഭം വെള്ളിയാഴ്ച അക്രമാസക്തമായി. ജനക്കൂട്ടം ധനമന്ത്രി ക്യാപ്റ്റന്‍ അഭിമന്യുവിന്റെ വീടും ഒട്ടേറെ പൊതു, സ്വകാര്യ മുതലുകളും കത്തിച്ചു. സ്ഥിതി നിയന്ത്രിക്കാന്‍ ബി.എസ്.എഫ്. നടത്തിയ വെടിവെപ്പില്‍ ഒരാള്‍ മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു.

എട്ടു ജില്ലകളില്‍ പട്ടാളത്തെ വിളിച്ചു. അക്രമം രൂക്ഷമായ റോത്തക്, ഭിവാനി എന്നിവിടങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

സംവരണകാര്യത്തില്‍ ചര്‍ച്ചയാവാമെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ ഉറപ്പുനല്‍കിയെങ്കിലും പ്രക്ഷോഭം പിന്‍വലിക്കാന്‍ ജാട്ട് നേതാക്കള്‍ തയ്യാറായില്ല. ഇതുമായി ബന്ധപ്പെട്ട് ഖട്ടാര്‍ വെള്ളിയാഴ്ച സര്‍വകക്ഷിയോഗം വിളിച്ചു. സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാമെന്ന് അദ്ദേഹം അറിയിച്ചു. പ്രക്ഷോഭം നിര്‍ത്തണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന വന്നതിനുപിന്നാലെയാണ് അത് അക്രമാസക്തമായത്.

ഒ.ബി.സി. വിഭാഗത്തില്‍പ്പെടുത്തി സംവരണം നല്‍കുമെന്നത് നിയമമാക്കുംവരെ പ്രക്ഷോഭം തുടരുമെന്നാണ് ഇവരുടെ നിലപാട്. ജാട്ടല്ലാത്ത ഖട്ടാറിന്റെ 'ജാതീയ മനോഭാവ'മാണ് നിയമനിര്‍മാണത്തിന് തടസ്സമെന്ന് അവര്‍ ആരോപിച്ചു.
റോത്തക്, ഝാജ്ജര്‍, ഹന്‍സി എന്നിവിടങ്ങളില്‍ അഴിഞ്ഞാടിയ പ്രക്ഷോഭകര്‍ പോലീസുകാരെ ബന്ദികളാക്കി. പോലീസ് വണ്ടികളും സ്വകാര്യ വണ്ടികളും രണ്ട് ടോള്‍പിരിവ് കേന്ദ്രങ്ങളും തകര്‍ത്തു.

ജനം നടത്തിയ വെടിവെപ്പില്‍ ബി.എസ്.എഫ്. ജവാന് പരിക്കേറ്റതോടെയാണ് മറ്റൊരു ജവാന്‍ തിരിച്ചുവെടിവെച്ചത്. ഇതിലാണ് ഒരാള്‍ മരിച്ചതെന്ന് ഹരിയാണ ഡി.ജി.പി. യശ്പാല്‍ സിംഘല്‍ പറഞ്ഞു.

തുടര്‍ന്ന് അക്രമം നിയന്ത്രണാതീതമായി. അതോടെയാണ് റോത്തക്, ഝാജ്ജര്‍, ഭിവാനി, ഹിസ്സാര്‍, കൈതാല്‍, പാനിപത്ത്, സോനിപത്ത് എന്നീ ജില്ലകളില്‍ സൈന്യത്തെ വിളിക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം അറിയിച്ചു.
ഡല്‍ഹി അംബാല ദേശീയപാതയും റെയില്‍പ്പാളവും ഉപരോധിച്ചു. 56 തീവണ്ടികള്‍ മുടങ്ങി. ബസ് സര്‍വീസുകള്‍ നിര്‍ത്തി.

റോത്തക് ജില്ലയില്‍ ഇന്റര്‍നെറ്റ്, മൊബൈല്‍ എസ്.എം.എസ്. സേവനങ്ങള്‍ അനിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

ആവശ്യം അംഗീകരിക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് അഖിലേന്ത്യ ജാട്ട് ആരക്ഷണ്‍ സംഘര്‍ഷ് സമിതി ദേശീയാധ്യക്ഷന്‍ യശ്പാല്‍ മാലിക് പറഞ്ഞു. ഉത്തര്‍പ്രദേശിലെ സമുദായ നേതാക്കളില്‍നിന്ന് പിന്തുണതേടും. കോണ്‍ഗ്രസ്സും ബി.ജെ.പിയും ഐ.എന്‍.എല്‍.ഡിയുമടക്കമുള്ള കക്ഷികള്‍ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും മാലിക് പറഞ്ഞു.