ന്യൂഡല്‍ഹി: സംവരണം ആവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തുന്ന പ്രക്ഷോഭം ഹരിയാണയില്‍ കത്തിപ്പടരുന്നു. സമരം അക്രമാസക്തമായതിനെത്തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ വെടിവെപ്പില്‍ റോഥക്, ജാജര്‍, കൈതാല്‍ ജില്ലകളിലായി അഞ്ചുപേര്‍ കൊല്ലപ്പെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം ആറായി. സുരക്ഷാ ഉദ്യോഗസ്ഥനടക്കം 15 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

റോഥക്കില്‍ ഹരിയാണ ഡെയറി കോര്‍പ്പറേഷന്റെ പാല്‍ ശുദ്ധീകരണശാലയ്ക്ക് സമരക്കാര്‍ തീവെച്ചു. ഒരു റെയില്‍വേസ്റ്റേഷനും പോലീസ് സ്റ്റേഷനും തീവെച്ചു. പെട്രോള്‍ പമ്പ്, സര്‍ക്കാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ പത്തോളം കെട്ടിടങ്ങള്‍ക്കും തീയിട്ടു. ഹരിയാണ മന്ത്രി ഒ.പി. ധന്‍കറിന്റെയും ബി.ജെ.പി. എം.പി. രാജ്കുമാര്‍ സൈനിയുടെയും വസതിക്കുനേരേ കല്ലേറുണ്ടായി.

ഇതേസമയം, ജാട്ട് പ്രക്ഷോഭം ചര്‍ച്ചചെയ്യാനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉന്നതതല യോഗം വിളിച്ചുചേര്‍ത്തു. കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, കിരണ്‍ റിജിജു എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രശ്‌നം രൂക്ഷമായ ഒമ്പതു ജില്ലകളില്‍ സൈന്യം ഇറങ്ങി. റോഥക്, ഭിവാനി, ജിണ്ട് ജില്ലകളില്‍ സൈന്യം ഫ്‌ളാഗ് മാര്‍ച്ച് നടത്തി. റോഡ് ഗതാഗതം പൂര്‍ണമായും പ്രതിഷേധക്കാര്‍ തടഞ്ഞതോടെ അവശ്യസാധനങ്ങള്‍ ലഭിക്കാതെ ജനജീവിതം ദുസ്സഹമായി. രാജധാനി, ശതാബ്ദി എന്നിവയടക്കം അഞ്ഞൂറോളം തീവണ്ടിസര്‍വീസുകള്‍ റദ്ദാക്കി. റോഡ് ഉപരോധത്തെത്തുടര്‍ന്ന് നിര്‍മാണവസ്തുക്കളുടെ നീക്കംനിലച്ചതിനാല്‍ മാരുതിയുടെ ഗുര്‍ഗാവ് , മനേസര്‍ ശാലകളില്‍ ഉത്പാദനം നിര്‍ത്തിവെച്ചു. സമരക്കാര്‍ അതിര്‍ത്തിയിലെത്തിയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ ശക്തിപ്പെടുത്തി.

റോഡ് ഉപരോധംമൂലം ഹെലികോപ്ടറിലാണ് സൈന്യം റോഥഖില്‍ ഇറങ്ങിയത്. ഹരിയാണ പോലീസിനൊപ്പം സൈന്യവും അര്‍ധസൈനിക വിഭാഗവും പ്രശ്‌നപ്രദേശങ്ങളിലുണ്ട്. 3300 അര്‍ധസൈനികരെ വിന്യസിച്ചിട്ടുണ്ട്. കണ്ടാലുടന്‍ വെടിവെക്കാനുള്ള ഉത്തരവും ഉണ്ട്.
ഹരിയാണയിലെ മുനക് കനാലില്‍നിന്നുള്ള ജലവിതരണം സമരക്കാര്‍ തടഞ്ഞത് ഡല്‍ഹിയില്‍ കുടിവെള്ളക്ഷാമമുണ്ടാക്കിയേക്കും. പ്രതിസന്ധി കണക്കിലെടുത്ത് സുപ്രീംകോടതിയെ അടിയന്തരമായി സമീപിക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സംസ്ഥാന ജലവിഭവമന്ത്രി കപില്‍ മിശ്രയ്ക്ക് നിര്‍ദേശംനല്കി.

സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുന്നതിന് ദിവസങ്ങള്‍ വേണ്ടിവരുമെന്ന് ഹരിയാണാ പോലീസ് മേധാവി യശ്പാല്‍ സിംഗാള്‍ പറഞ്ഞു. നായകരില്ലാത്ത സമരമായതിനാല്‍ അനുരഞ്ജനചര്‍ച്ചകള്‍ ആരോട് നടത്തുമെന്ന അവ്യക്തതയുണ്ട്. ഹരിയാണയില്‍ ഖാപ്പ് പഞ്ചായത്തുകളുടെ യോഗങ്ങള്‍ നിര്‍ത്തിവെക്കാന്‍ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രി മനോഹര്‍ ഖട്ടാര്‍ ശനിയാഴ്ച മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.