ന്യൂഡൽഹി: ഡൽഹി-ഹരിയാണ അതിർത്തിയിലെ സൂരജ്കുണ്ഡിനു സമീപം നാലുമലയാളികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ദയാൽബാഗ് സി-31ലെ അഗർവാൾ സൊസൈറ്റിയിൽ വാടകവീട്ടിൽ താമസിച്ചിരുന്ന നാലു സഹോദരങ്ങളുടെ മൃതദേഹങ്ങളാണ് അഴുകിയനിലയിൽ ശനിയാഴ്ച കണ്ടെത്തിയത്. മീനാ മാത്യു (42), ബീനാ മാത്യു (40), ജയാ മാത്യു (39), പ്രദീപ് മാത്യു (37) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയതെന്ന്‌ ദയാൽബാഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ രൺധീർ സിങ് പറഞ്ഞു.

സാമ്പത്തികബുദ്ധിമുട്ടാണ് മരണത്തിനുകാരണമെന്നാണ് പോലീസിന്റെ വിശദീകരണം. വ്യാഴാഴ്ച എഴുതിയനിലയിലുള്ള ആത്മഹത്യക്കുറിപ്പും പോലീസ് കണ്ടെടുത്തു.

കഴിഞ്ഞ 20 വർഷമായി ഫരീദാബാദിൽ താമസിച്ചുവരികയായിരുന്നു ഈ കുടുംബം. അച്ഛൻ മലയാളിയായ ജെ.ജെ. മാത്യുവാണെന്നും അമ്മ ഉത്തരേന്ത്യൻ സ്വദേശിയാണെന്നും പോലീസ് പറഞ്ഞു. ജെ.ജെ. മാത്യു ആറുമാസംമുമ്പ്‌ മരിച്ചു. രണ്ടുമാസംമുമ്പ് അമ്മയും മരിച്ചു. അഞ്ചുമക്കളിൽ ഇളയ സഹോദരനും മരിച്ചിരുന്നു. ഹരിയാണ സർക്കാരിൽ ജീവനക്കാരായിരുന്നു മാതാപിതാക്കൾ. പൂർണമായും അവരുടെ ആശ്രയത്തിലായിരുന്നു മക്കളെല്ലാം ജീവിച്ചിരുന്നതെന്നും പറയപ്പെടുന്നു. ഇരുവരും നഷ്ടപ്പെട്ടതോടെ കടുത്ത സാമ്പത്തികപ്രയാസത്തിലും മനോവിഷമത്തിലുമായിരുന്നു സഹോദരങ്ങളെന്നാണ് വിവരം. സഹോദരങ്ങളിൽ ചിലർ രോഗബാധിതരായിരുന്നെന്നും സാമ്പത്തികബുദ്ധിമുട്ട് അനുഭവിച്ചിരുന്നതായും അയൽവാസിയായ ആർ.പി. ജോഷി പറഞ്ഞു. മുമ്പൊരിക്കൽ അവർക്ക്‌ 24,000 രൂപ കടംനൽകിയിരുന്നതായും അദ്ദേഹം പറഞ്ഞു.

ആത്മഹത്യക്കുറിപ്പിൽ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന്‌ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്‌ പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ ബുറാഡി സെമിത്തേരിയിൽ സംസ്കരിക്കണമെന്നും എഴുതിവെച്ചിട്ടുണ്ട്. മരിച്ച നാലുപേരും വിവാഹിതരല്ലെന്നും പോലീസ് പറഞ്ഞു.

ദയാൽബാഗിൽ ഇവർ താമസിച്ചിരുന്ന വീടിനടുത്ത് ഒരു പ്ലേ സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ അവിടെ എത്തിയവരാണ് തൊട്ടടുത്ത വീട്ടിൽനിന്ന് കടുത്ത ദുർഗന്ധം വമിക്കുന്നത്‌ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ പോലീസിനെ അറിയിച്ചു. അവർ വന്നുനോക്കിയപ്പോൾ വെവ്വേറെ മുറികളിലായി നാലുപേരുടെയും മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇപ്പോൾ ബി.കെ.എസ്. ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പരിശോധനയ്ക്കുശേഷം പ്രാദേശിക പള്ളിവികാരിക്ക്‌ വിട്ടുകൊടുക്കുമെന്നും പോലീസ് പറഞ്ഞു.

മാധ്യമങ്ങളും മറ്റും വിവരം തിരക്കിയെങ്കിലും അവരുടെ കേരളത്തിലെ ബന്ധത്തെക്കുറിച്ചോ വിലാസത്തെക്കുറിച്ചോ പോലീസിന്‌ ഒരു ധാരണയുമില്ല. ഫരീദാബാദിലെയും പ്രദേശത്തെയും മലയാളികൾക്കോ സംഘടനകൾക്കോ ഈ കുടുംബത്തെക്കുറിച്ച് വലിയ അറിവില്ല.

ഫരീദാബാദ് സെക്ടർ 28-ലെ പള്ളിയിലാണ് കുടുംബം പ്രാർഥനയ്ക്കുപോയിരുന്നത്. കൂട്ടത്തിലൊരാൾക്ക്‌ വൃക്കരോഗം ബാധിച്ചിരുന്നതായും അവർക്ക്‌ ഡയാലിസിനും മറ്റുമായി വലിയ തുക ചെലവഴിക്കേണ്ടിവന്നിരുന്നതായും അറിയുന്നു. മാതാപിതാക്കളുടെ മരണശേഷം ചികിത്സയ്ക്കും ജീവിതച്ചെലവിനുമായി പലരിൽനിന്ന് അവർക്കു പണം കടംവാങ്ങേണ്ടിയും വന്നിരുന്നു. ഈ സാഹചര്യത്തിൽ കടുത്ത സാമ്പത്തികബുദ്ധിമുട്ടാണ് സഹോദരങ്ങളെ ആത്മഹത്യയ്ക്ക്‌ പ്രേരിപ്പിച്ചതെന്നാണ് വിലയിരുത്തൽ.