അഹമ്മദാബാദ്: പട്ടേല്‍ സംവരണവിഷയത്തില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്ന് സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പാട്ടേല്‍.

നവംബര്‍ മൂന്നിന് സൂറത്തില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന റാലിക്കുമുന്‍പ് നയം പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. ഇല്ലെങ്കില്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷാ സൂറത്തില്‍ നടത്തിയ റാലിയുടെ അതേ അവസ്ഥ രാഹുലിനും നേരിടേണ്ടിവരുമെന്നും ഹാര്‍ദിക് മുന്നറിയിപ്പുനല്‍കി. സൂറത്തിലെ കോണ്‍ഗ്രസ് റാലിയില്‍ ഹാര്‍ദിക് പങ്കെടുത്തേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ട്വിറ്റര്‍ പ്രതികരണം പുറത്തുവന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സൂറത്തില്‍ അമിത് ഷാ നടത്തിയ റാലിക്കിടെ ഹാര്‍ദിക് നേതൃത്വം നല്‍കുന്ന പാട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി (പി.എ.എ.എസ്.) ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ഡിസംബറില്‍ നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഹാര്‍ദിക്കിന്റെ പിന്തുണതേടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ ചുമതല വഹിക്കുന്ന അശോക് ഗെഹ്ലോത്തുമായി ഈയിടെ ഹാര്‍ദിക് കൂടിക്കാഴ്ച നടത്തിയിരുന്നു. ജോലിയിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഒ.ബി.സിക്ക് സമാനമായ സംവരണം, നിയമസഭാ തിരഞ്ഞെടുപ്പില്‍ പട്ടേല്‍വിഭാഗത്തില്‍നിന്ന് കൂടുതല്‍ സ്ഥാനാര്‍ഥികള്‍ തുടങ്ങിയ ആവശ്യങ്ങളാണ് ഹാര്‍ദിക് മുന്നോട്ടുവെച്ചത്.

തിരഞ്ഞെടുപ്പില്‍ പിന്തുണതേടിയ ബി.ജെ.പി. നേതൃത്വവുമായി ഹാര്‍ദിക് ചര്‍ച്ചനടത്തിയിരുന്നെങ്കിലും സംവരണവിഷയത്തില്‍ സമവായത്തിലെത്തിയില്ല.