അഹമ്മദാബാദ്: പട്ടേല്‍ സമരസമിതിനേതാവ് ഹാര്‍ദിക് പട്ടേല്‍ ഗുജറാത്തിലെ ലജ്‌പോര്‍ ജയിലില്‍ നടത്തിവന്ന നിരാഹാരസമരം അവസാനിപ്പിച്ചു. പട്ടേല്‍സമുദായത്തെ ഒ.ബി.സി. വിഭാഗത്തില്‍പ്പെടുത്തി സംവരണം നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

പോര്‍ബന്തറില്‍നിന്നുള്ള ബി.ജെ.പി. എം.പി വിത്തല്‍ രദാദിയയുടെ മധ്യസ്ഥതയില്‍ സംസ്ഥാന സര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ജയിലില്‍ തന്നോടൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് ഹാര്‍ദിക് സമരം അവസാനിപ്പിച്ചതെന്ന് രദാദിയ പറഞ്ഞു.

22-കാരനായ ഹാര്‍ദിക്കിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി സപ്തംബറിലാണ് ജയിലിലടച്ചത്. ഫിബ്രവരി 18-ന് നിരാഹാരസമരം തുടങ്ങി. സര്‍ക്കാറുമായി നടന്ന ചര്‍ച്ചയില്‍ രൂപപ്പെട്ട 35 നിര്‍ദേശങ്ങള്‍ കഴിഞ്ഞദിവസം ഹാര്‍ദിക്കിന് മുമ്പില്‍ രദാദിയ അവതരിപ്പിച്ചിരുന്നു.
 
പട്ടേല്‍ വിദ്യാര്‍ഥികള്‍ക്കായി പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇതില്‍പ്പെടും. ഇതില്‍ 27 എണ്ണം അദ്ദേഹം അംഗീകരിച്ചതായി രദാദിയ പറഞ്ഞു. ഒ.ബി.സി. വിഭാഗത്തില്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ധാരണയെക്കുറിച്ച് ഹാര്‍ദിക് പ്രതികരിച്ചിട്ടില്ല.