ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വാരാണസിയിൽ ഗുജറാത്തിലെ പട്ടേൽ സമുദായ നേതാവ് ഹാർദിക് പട്ടേൽ പ്രതിപക്ഷത്തിന്റെ പൊതുസ്ഥാനാർഥിയായി മത്സരിച്ചേക്കുമെന്ന് സൂചന.

തത്കാലം ഇതേക്കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് പട്ടേൽ പറയുന്നതെങ്കിലും അതിനുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്. ഏതാനും മാസങ്ങളായി അദ്ദേഹം യു.പി. പ്രത്യേകിച്ച് വാരാണസി ഇടക്കിടെ സന്ദർശിക്കാറുണ്ട്. മത്‌സരിക്കുന്നകാര്യം തീരുമാനിച്ചിട്ടില്ലെന്ന് കഴിഞ്ഞദിവസം അദ്ദേഹം വാരാണസിയിൽതന്നെയാണ് പറഞ്ഞത്. പ്രതിപക്ഷത്തെ എല്ലാ പാർട്ടികളും പിന്തുണയ്ക്കുകയാണെങ്കിൽമാത്രം മോദിക്കെതിരേ മത്സരിക്കാമെന്നാണ് ഹാർദിക് പട്ടേലിന്റെ നിലപാട്. എസ്.പി., ബി.എസ്.പി., എ.എ.പി., കോൺഗ്രസ് എന്നിവയുടെയെല്ലാം പിന്തുണ അദ്ദേഹം ആഗ്രഹിക്കുന്നുണ്ടത്രേ. എന്നാൽ, പ്രതിപക്ഷ പാർട്ടികളാരും ഇതുവരെ മനസ്സുതുറന്നിട്ടില്ല.

കഴിഞ്ഞതവണ എ.എ.പി. നേതാവ് അരവിന്ദ് കെജ്‌രിവാൾ ആയിരുന്നു വാരാണസിയിൽ മോദിയുടെ മുഖ്യ എതിരാളി. മോദിക്ക് 56.37 ശതമാനം വേട്ട് ലഭിച്ചപ്പോൾ(5,81,022 വോട്ട്) കെജ്‌രിവാളിന് 20.30 ശതമാനമാണ് കിട്ടിയത് (2,09,238 വോട്ട്). കോൺഗ്രസിന് 7.34 ശതമാനം, ബി.എസ്.പി.ക്ക് 5.88 ശതമാനം, എസ്.പി.ക്ക് 4.39 ശതമാനം എന്നിങ്ങനെയും വോട്ടുകൾ ലഭിച്ചു. നിലവിലെ രാഷ്ട്രീയസാഹചര്യത്തിൽ എല്ലാ പാർട്ടികളും ഒറ്റക്കെട്ടായി മോദിക്കെതിരേ സ്ഥാനാർഥിയെ നിർത്തിയാൽ മോദിയുടെ ജയം എളുപ്പമാവില്ല.

Content Highlights: hardik patel may be contest in varanasi