സൂററ്റ്: ഗുജറാത്തിലെ പട്ടേല്‍സംവരണ സമരനായകന്‍ ഹര്‍ദിക് പട്ടേല്‍ ഒന്‍പതുമാസത്തിനുശേഷം ജയില്‍മോചിതനായി. അദ്ദേഹം പ്രതിയായ കേസ്സുകളില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെയാണിത്. കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ഹര്‍ദിക്കിനെ ജയിലിലടച്ചത്.

സൂററ്റ് ജയിലില്‍നിന്ന് വെള്ളിയാഴ്ച കാലത്തു മോചിതനായ ഹര്‍ദിക്കിനെ സ്വീകരിക്കാന്‍ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണെത്തിയത്. പ്രവര്‍ത്തകര്‍ മധുരവിതരണവും നടത്തി.
തനിക്ക് ഉയരമോ ഭാരമോ 56 ഇഞ്ച് നെഞ്ചളവോ അല്ല സമുദായത്തിന്റെ അവകാശമാണ് പ്രധാനമെന്ന് ജയില്‍മോചിതനായ ശേഷംനടത്തിയ അഭിമുഖത്തില്‍ ഹര്‍ദിക് പട്ടേല്‍ പറഞ്ഞു. ജന്മദേശമായ വീരംഗാവിലേക്കു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ യാത്രതിരിച്ച ഹര്‍ദിക്കിന് രണ്ടുദിവസത്തിനുള്ളില്‍ ഗുജറാത്ത് വിടേണ്ടിവരും. ആറുമാസത്തേക്കു ഗുജറാത്തില്‍ പ്രവേശിക്കരുതെന്നാണ് പ്രധാന ജാമ്യവ്യവസ്ഥ. അയല്‍സംസ്ഥാനമായ രാജസ്ഥാനിലെ ഉദയ്പൂരില്‍ താമസിച്ചു ഗുജറാത്തിലെ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഹര്‍ദിക് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗുജറാത്തില്‍ ഭൂരിപക്ഷസമുദായമായ പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് ഹര്‍ദിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ സമരം പരക്കെ അക്രമത്തിനു വഴിവെച്ചിരുന്നു . ഇതിന്റെപേരില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ഗുജറാത്ത് പോലീസ് ഹാര്‍ദിക്കിനെ ജയിലിലടയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഏറെദിവസം ഗുജറാത്തിലെ പല നഗരങ്ങളിലും അക്രമം അരങ്ങേറി. ദിവസങ്ങളോളം ഇന്റര്‍നെറ്റ് സംവിധാനം നിരോധിക്കേണ്ടിവന്നു. സര്‍ക്കാറിന് ഏറെ തലവേദന സൃഷ്ടിച്ച സംവരണസമരത്തിനുശേഷം തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഭരണകക്ഷി ആയ ബി.ജെ.പി.ക്കു കനത്തപരാജയം ഏറ്റുവാങ്ങേണ്ടി വന്നു.