അഹമ്മദാബാദ് : ജാമ്യം ലഭിച്ച് ജയിലില്‍ നിന്നിറങ്ങിയ കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിനെ മറ്റൊരു കേസില്‍ അപ്പോള്‍തന്നെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. സാബര്‍മതി ജയിലിനുമുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നതിനിടെയായിരുന്നു വീണ്ടും പിടികൂടിയത്.

നാലുവര്‍ഷം മുമ്പുള്ള രാജ്യദ്രോഹക്കുറ്റക്കേസില്‍ ഹാജരാകാത്തതിന് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചതിനാലാണ് ജനുവരി 18-ന് ഹാര്‍ദിക്കിനെ ആദ്യം അറസ്റ്റ് ചെയ്തത്. പട്ടേല്‍ സംവരണസമരത്തോട് അനുബന്ധിച്ച് ക്രൈംബ്രാഞ്ച് എടുത്ത ഈ കേസില്‍ കോടതി കുറ്റംചുമത്തി വിചാരണ തുടങ്ങിയപ്പോളാണ് അദ്ദേഹം തുടര്‍ച്ചയായി ഹാജരാകാതിരുന്നത്.

അഞ്ചുദിവസം ജയിലില്‍ കഴിഞ്ഞ യുവനേതാവിന് വ്യവസ്ഥകളോടെ കോടതി ബുധനാഴ്ച ജാമ്യം നല്‍കി. വ്യാഴാഴ്ച ജയിലിന് പുറത്തുവന്നപ്പോള്‍ പ്രവര്‍ത്തകരെക്കൂടാതെ ഗാന്ധിനഗര്‍ ജില്ലയിലെ മണ്‍സ പോലീസും കാത്തുനിന്നിരുന്നു. 2017-ല്‍ അവിടെ പോലീസിന്റെ അനുമതിയില്ലാതെ പൊതുയോഗത്തില്‍ പ്രസംഗിച്ച കേസിലാണ് വീണ്ടും അറസ്റ്റ് ചെയ്തത്. ജാമ്യം കിട്ടുന്ന കേസാണെങ്കിലും പാഠനിലെ സിദ്ധപുരിലും സമാനമായ കേസുള്ളതിനാല്‍ അവിടുത്തെ പോലീസും അറസ്റ്റ് ചെയ്തേക്കും.

ഹാര്‍ദിക്കിനോട് ഗുജറാത്ത് സര്‍ക്കാര്‍ വൈരാഗ്യത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. കോടതി നടപടികളെപ്പറ്റി അറിയാതെയാണ് പ്രിയങ്കയുടെ ഇടപെടലെന്ന് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലും പ്രതികരിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും അറസ്റ്റ് ചെയ്തത്.

Content Highlights: hardik patel arrested in another case after he released from Jail