അഹമ്മദാബാദ്: രണ്ടാഴ്ചയായി നിരാഹാരമിരിക്കുന്ന പട്ടേൽ സംവരണ സമരസമിതി കൺവീനർ ഹാർദിക് പട്ടേലിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ, സമരം അവസാനിപ്പിച്ചിട്ടില്ല. പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ ഗുജറാത്തിലെ ജില്ലാ കേന്ദ്രങ്ങളിൽ 24 മണിക്കൂർ നിരാഹാരം തുടങ്ങി. ചർച്ചകൾക്കായി സർക്കാർ നാലംഗ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.

ജലപാനവും നിർത്തിയതിനാൽ ഹാർദിക് അബോധാവസ്ഥയിലാകാനും വൃക്കകളുടെ പ്രവർത്തനം തകരാറിലാകാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. പട്ടേലുമാരുടെ ഉന്നത സമിതികളിലൊന്നായ കോദാൽധാം ട്രസ്റ്റിന്റെ ചെയർമാൻ നരേഷ് പട്ടേലുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം ചികിത്സ തേടാൻ ഹാർദിക് സമ്മതിച്ചു. പ്രവർത്തകരുടെ അഭ്യർഥന മാനിച്ച് ആശുപത്രിയിലേക്ക് മാറാൻ തീരുമാനിച്ചുവെന്ന് വക്താവായ മനോജ് പനാര പറഞ്ഞു. നിരാഹാരമിരിക്കുന്ന കൃഷിയിട വസതിക്കടുത്തുള്ള സോല സിവിൽ ആശുപത്രിയിലേക്കാണ് മാറ്റിയത്. വ്യാഴാഴ്ച രാത്രി ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ സമരവേദിയിലെത്തി പരിശോധിച്ചിരുന്നു. ശക്തമായ പോലീസ് സന്നാഹം ആശുപത്രി പരിസരത്തുണ്ട്.

പട്ടേലുമാർക്ക് സംവരണം, കാർഷിക കടങ്ങൾ എഴുതിത്തള്ളൽ, തടവിൽ കഴിയുന്ന പാസ് നേതാവ് അൽപ്പേഷ് കട്ടാരിയയുടെ മോചനം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹാർദിക് ഓഗസ്റ്റ് 25-ന് നിരാഹാരം തുടങ്ങിയത്‌. കോൺഗ്രസ് നേതാക്കൾ കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ട് സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹാർദിക് ആദ്യം നിരാഹാരം നിർത്തട്ടെയെന്നാണ് സർക്കാർ പ്രതികരിച്ചത്. ഇതിനുശേഷം നരേഷ് പട്ടേലിന്റെ മധ്യസ്ഥത പാസ് നേതൃത്വം അംഗീകരിച്ചു. ചർച്ചകൾക്കായി മന്ത്രിമാരായ സൗരഭ് പട്ടേൽ, കൗശിക് പട്ടേൽ, ഭൂപേന്ദ്രസിങ് ചുഡാസമ, പ്രദീപ്‌സിങ് ജഡേജ എന്നിവരെ മുഖ്യമന്ത്രി വിജയ് രൂപാണി ചുമതലപ്പെടുത്തി.

വെള്ളിയാഴ്ച വൈകീട്ടാണ് കോൺഗ്രസ് പ്രവർത്തകർ അനുഭാവ നിരാഹാരം ആരംഭിച്ചത്. പ്രതിപക്ഷ നേതാവ് പരേശ് ധാനാണി, ജി.പി.സി.സി. പ്രസിഡന്റ് അമിത് ചവഡ എന്നിവർ അഹമ്മദാബാദ് കളക്ടറേറ്റിനു മുന്നിൽ സമരത്തിൽ പങ്കെടുക്കുന്നുണ്ട്. പട്ടേൽ സംവരണത്തെ പിന്നണിയിൽ നിർത്തി കർഷകപ്രശ്നങ്ങളെ മുൻനിർത്തിയാണ് കോൺഗ്രസ് പ്രക്ഷോഭം. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പട്ടേലുമാർ വഴിതടയലടക്കമുള്ള പ്രക്ഷോഭങ്ങൾ നടത്തി.