രാജ്‌കോട്ട്: പ്രധാനമന്ത്രി നരേന്ദ്രമോദി മോര്‍ബിയില്‍ ബി.ജെ.പി.യുടെ പൊതുയോഗത്തില്‍ പ്രസംഗിക്കുമ്പോള്‍ ജില്ലയിലെ രംഗാപാര്‍ ഗ്രാമത്തില്‍ പട്ടേല്‍ യുവനേതാവ് ഹാര്‍ദിക് പട്ടേല്‍ അദ്ദേഹത്തെ വെല്ലുവിളിച്ച് സമ്മേളനം നടത്തി.

'മോദിയും അമിത്ഷായും ഭീരുക്കളാണ്. അവര്‍ പോലീസില്‍നിന്നാണ് ഊര്‍ജം സ്വീകരിക്കുന്നത്. പട്ടേലുമാര്‍ വേറെ ആര്‍ക്കും വോട്ടുചെയ്യില്ലെന്ന് കരുതിയാണ് അവര്‍ നമ്മളെ പരിഗണിക്കാത്തത്. ആര്‍ക്കാണ് നിങ്ങള്‍ വോട്ടുചെയ്യേണ്ടതെന്ന് ഞാന്‍ പറയില്ല. പക്ഷേ, ബി.ജെ.പി.ക്ക് നല്‍കരുത്. കൂലിക്ക് ആളെവെച്ച് യോഗം നടത്തുന്നവരുടെ പിന്നാലെ പോകാതെ, നിലക്കടലയ്ക്ക് വിലകിട്ടാത്തതില്‍ വേവലാതികൊള്ളുന്ന നേതാക്കളെ നമുക്ക് ജയിപ്പിക്കാം. നമ്മളോട് വിളകള്‍ മാറ്റാന്‍പറയുന്നപോലെ, ഭരണവും മാറ്റാന്‍ നമുക്ക് ആവശ്യപ്പെടാം'' -ഹാര്‍ദിക് പറഞ്ഞു.

സൗരാഷ്ട്രയിലെ വിവിധ ഗ്രാമങ്ങളില്‍ ഹാര്‍ദിക്കും സംഘവും യോഗങ്ങള്‍ നടത്തി. പലയിടത്തും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും എത്തുന്നുണ്ട്. പട്ടേല്‍ സംവരണസമരസമിതിയുടെ മറ്റുനേതാക്കള്‍ കോണ്‍ഗ്രസിന് വോട്ടുകള്‍ നല്‍കണമെന്ന് പരസ്യമായി ആവശ്യപ്പെടുന്നുമുണ്ട്.

ഗുജറാത്തില്‍ രണ്ടുദശാബ്ദമായി ബി.ജെ.പി.ക്ക് വോട്ടുചെയ്യുന്ന മേഖലയാണ് മോര്‍ബി. പട്ടേല്‍സമുദായക്കാര്‍ക്ക് ഭൂരിപക്ഷമുള്ള മേഖലയാണിത്. മോദി പ്രചാരണം നടത്തുന്ന മോര്‍ബിയില്‍ തന്റെ സമ്മേളനങ്ങളില്‍ വന്‍ ജനപങ്കാളിത്തമുണ്ടായതില്‍ ആവേശം പ്രകടിപ്പിച്ച് ഹാര്‍ദിക് പട്ടേല്‍ ട്വിറ്റര്‍സന്ദേശമയച്ചു.