അഹമ്മദാബാദ്: ഗുജറാത്തില്‍ പട്ടേല്‍ സംവരണ സമരസമിതി നേതാവ് ഹാര്‍ദിക് പട്ടേലിന്റേതെന്ന് ആരോപിക്കപ്പെടുന്ന വിവാദ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.

തന്നെ കുടുക്കാന്‍ ബി.ജെ.പി. വ്യാജ സി.ഡി. നിര്‍മിച്ചിട്ടുണ്ടെന്ന് നവംബര്‍ 10-ന് ഹാര്‍ദിക് മുന്നറിയിപ്പ് നല്‍കിയിരുന്നു. പിന്നാലെയാണ് ദൃശ്യങ്ങള്‍ പുറത്തായത്.

ഒരു മുറിയില്‍ യുവതിക്കൊപ്പം അടുപ്പത്തോടെ ഇടപെടുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് ഹാര്‍ദിക്കിന്റേതെന്ന പേരില്‍ പ്രചരിക്കുന്നത്. 2017 മേയ് 16-ന് ചിത്രീകരിച്ചതാണ് ഇത്. 10 മിനിറ്റ് ദൈര്‍ഘ്യമുണ്ട്. ഇതിലുള്ളയാള്‍ താനല്ലെന്ന് ഹാര്‍ദിക് അവകാശപ്പെട്ടു. ഇതുകൊണ്ടൊന്നും തന്നെ തളര്‍ത്താനാവില്ലെന്നും ഗുജറാത്തിലെ സ്ത്രീകളെയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ചവര്‍ അപമാനിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2015-ല്‍ പട്ടേല്‍ സമരം തുടങ്ങിയ സമയത്തും ഹാര്‍ദിക്കിനെതിരെ ഇത്തരം ദൃശ്യങ്ങള്‍ ചിലര്‍ പുറത്തുവിട്ടിരുന്നു.

ദൃശ്യങ്ങള്‍ വ്യാജമാണെങ്കില്‍ ഹാര്‍ദിക് നിയമനടപടി സ്വീകരിക്കണമെന്ന് വിമത പട്ടേല്‍നേതാവായ സംഗ്്‌സരയ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹാര്‍ദിക്പക്ഷ നേതാക്കള്‍ സ്വഭാവശുദ്ധിയില്ലാത്തവരാണെന്നും കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വീഡിയോ വ്യാജമാണെന്ന് നാലു ദിവസത്തിനുള്ളില്‍ തെളിയിച്ചില്ലെങ്കില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും സംഗ്‌സരയ മുന്നറിയിപ്പ് നല്‍കി.