അഹമ്മദാബാദ്: തിരഞ്ഞെടുപ്പിനോട് അടുക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിനോട് അടുക്കാനുള്ള ഹാര്‍ദിക് പട്ടേലിന്റെ നീക്കങ്ങളെ തകര്‍ക്കാന്‍ പട്ടേല്‍സമുദായത്തിലെ താപ്പാന സംഘങ്ങള്‍ രംഗത്തിറങ്ങി.

ഹാര്‍ദിക് ഉള്‍പ്പെടുന്ന കട്വ പട്ടേല്‍ വിഭാഗത്തിന്റെ ഉന്നതസംഘടനയായ വിശ്വ ഉമിയ ഫൗണ്ടേഷന്‍ അടക്കം ആറുസംഘടനകളാണ് പ്രസ്താവന ഇറക്കിയത്. ഹാര്‍ദിക് കോണ്‍ഗ്രസിന്റെ പിന്തുണയോടെ സമുദായത്തെ വഴിതെറ്റിക്കുന്നുവെന്നാണ് ആരോപണം. സംസ്ഥാനസര്‍ക്കാര്‍ സമുദായത്തിന്റെ മിക്ക ആവശ്യങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഒ.ബി.സി.സംവരണം എന്ന ആവശ്യം മാത്രമാണ് ശേഷിക്കുന്നത്. അത് നേടിയെടുക്കാന്‍ സമാധാനപരവും ഭരണഘടനാപരവുമായ വഴികളുണ്ട്. ഹാര്‍ദിക് പട്ടേല്‍ സ്വന്തം രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കായി നടത്തുന്ന സ്വകാര്യ സമരമാണ് ഇപ്പോള്‍ കാണുന്നതെന്ന് ഫൗണ്ടേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സി.കെ. പട്ടേല്‍ ആരോപിച്ചു. സാമ്പത്തികസംവരണത്തിനായി ഒ.ബി.സി.സംവരണം എന്ന ആവശ്യത്തെ ബലികഴിക്കാന്‍ ഹാര്‍ദിക് ശ്രമിക്കുന്നുവെന്നും കുറ്റപ്പെടുത്തി.

പട്ടേലുമാരിലെ ലുവ, കട്വ എന്നീ രണ്ടുവിഭാഗങ്ങളെയും പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ പ്രസ്താവനയ്ക്കുപിന്നിലുണ്ട്്്്. ഉഞ്ചയില്‍ കട്വ പട്ടേലുമാരുടെ ഉമിയ മാതാ സംസ്ഥാന്‍ വിനോദസഞ്ചാരവികസനപദ്ധതിക്ക് കഴിഞ്ഞ മാസം സര്‍ക്കാര്‍ 8.75 കോടി രൂപ അനുവദിച്ചിരുന്നു. സര്‍ക്കാരിന് അഭിവാദ്യങ്ങളുമായി പത്രപ്പരസ്യങ്ങളും സംഘടന നല്‍കി.

സമുദായത്തെ നിയന്ത്രിച്ചുവരുന്ന ഈ സംഘങ്ങളെല്ലാം ബി.ജെ.പി.യോട് അടുപ്പമുള്ളവയാണ്. എന്നാല്‍, ഹാര്‍ദികിന്റെ നേതൃത്വത്തില്‍ പട്ടേല്‍ സംവരണസമരസമിതി ആരംഭിച്ചപ്പോള്‍ വലിയൊരുവിഭാഗം ചെറുപ്പക്കാര്‍ അതിലേക്ക് ആകൃഷ്ടരായി. ഈ ആവശ്യത്തെ പഴയസംഘടനകളും പിന്തുണച്ചെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ രാഷ്ട്രീയഭിന്നതകള്‍ മറനീക്കുകയാണ്.

സംസ്ഥാനമാകെ പ്രചാരണം നടത്തുന്ന ഹാര്‍ദികിന്റെ പ്രസംഗങ്ങള്‍ കേള്‍ക്കാന്‍ വലിയ ജനക്കൂട്ടമെത്തുന്ന പശ്ചാത്തലത്തിലാണ് മറ്റുസംഘടനകള്‍ നിലപാട് വ്യക്തമാക്കിയത്. ഹാര്‍ദിക്കും കോണ്‍ഗ്രസുമായുള്ള ബന്ധത്തിലും ഒ.ബി.സി.സംവരണം കീറാമുട്ടിയാണ്. 20 ശതമാനം സാമ്പത്തികസംവരണമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്. പക്ഷേ, 10 ശതമാനം സംവരണത്തിനുള്ള ബില്‍ ബി.ജെ.പി. സര്‍ക്കാര്‍ അംഗീകരിച്ചത് കോടതിയുടെ മുന്നിലാണ്. രാജസ്ഥാനിലെ ഗുജ്ജര്‍ മാതൃകയില്‍ പട്ടേലുമാരെ ഒ.ബി.സി.യില്‍പെടുത്താനുള്ള ആലോചനയുമുണ്ട്.

അടുത്തദിവസം കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ക്ക് അഹമ്മദാബാദിലെത്തും. അതേസമയം, കോണ്‍ഗ്രസില്‍ ചേര്‍ന്ന ഒ.ബി.സി. നേതാവ് അല്‍പേഷ് ഠാക്കൂറിന്റെ വിഭാഗത്തെ പിണക്കാനും പാടില്ല. മെച്ചപ്പെട്ട ധാരണയില്ലാതെ കോണ്‍ഗ്രസിനെ തുണയ്ക്കുന്നത് പരമ്പരാഗതമായി ബി.ജെ.പി.ക്കാരായ പട്ടേല്‍ സമുദായത്തിന് സ്വീകാര്യമല്ല. അതിനാല്‍ മെല്ലെപ്പോക്കിലാണ് ഹാര്‍ദിക് പട്ടേല്‍. ഈ സാഹചര്യത്തില്‍ പട്ടേല്‍സമുദായത്തിലെ താപ്പാനകളെ രംഗത്തിറക്കിയതിനുപിന്നില്‍ ബി.ജെ.പി.യാണെന്നാണ് സൂചന.