ന്യൂഡൽഹി: യു.ഡി.എഫ്. പ്രകടനപത്രികയിൽ ഇത്തവണ ഉൾപ്പെടുത്തിയ ഹാപ്പിനസ് മിനിസ്ട്രി (ആനന്ദ മന്ത്രാലയം) നിർദേശം കോൺഗ്രസ് മുന്നോട്ടുവെക്കുന്ന വ്യത്യസ്ത ആശയം. രാഷ്ട്രീയ കൊലപാതകങ്ങളടക്കം ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾ നടത്തി മലയാളികളുടെ സന്തോഷപ്രദമായ ജീവിതത്തിനു പദ്ധതികൾ തയ്യാറാക്കുകയാണ് മന്ത്രാലയത്തിന്റെ ഉദ്ദേശ്യമെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.

ഐക്യരാഷ്ട്രസഭ ലോക ആനന്ദദിനമായ ശനിയാഴ്ച പുറത്തിറക്കിയ 149 രാജ്യങ്ങളുടെ പട്ടികയിൽ ജനങ്ങളുടെ ആനന്ദത്തിന്റെ കാര്യത്തിൽ 139-ാം സ്ഥാനത്താണ് ഇന്ത്യ. സമ്പത്തും സൗകര്യങ്ങളും ഉള്ളവർക്കുപോലും ആനന്ദത്തോടെയുള്ള ജീവിതമില്ലെന്നതാണ് രാജ്യത്തെ സ്ഥിതിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ പശ്ചാത്തലത്തിൽ ആനന്ദ മന്ത്രാലയമെന്ന ആശയത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സീനിയർ കൺസൾട്ടന്റും ഭൂട്ടാനിൽ ആനന്ദ പദ്ധതിയുടെ ഉപദേശകനുമായിരുന്ന ഡോ. പി.പി. ബാലൻ പറഞ്ഞു.

ഒരു ജനതയുടെ കൂട്ടായ സന്തോഷം എന്നുള്ളത് ക്ഷേമവും വികസനവും അളക്കാനുള്ള മാനദണ്ഡമായാണ് ഐക്യരാഷ്ട്രസഭ (യു.എൻ.) കരുതുന്നത്. ആനന്ദം സമഗ്രവികസന ലക്ഷ്യം ഉൾക്കൊള്ളുന്ന പ്രവർത്തനമാണെന്ന് 2011-ൽ യു.എൻ. പ്രമേയം പാസാക്കിയിരുന്നു. ജനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനങ്ങളിൽ ഭരണകൂടങ്ങൾ ശ്രദ്ധപതിപ്പിക്കുമ്പോഴും അവരുടെ സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും കാര്യം ഭരണകർത്താക്കൾ പരിഗണിക്കുന്നില്ല എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

സദ്ഭരണം, സാമൂഹിക-സാമ്പത്തിക വികസനം, സാംസ്കാരിക പരിപോഷണം, പ്രകൃതിസംരക്ഷണം എന്നീ നാലു സ്തംഭങ്ങളിൽ ഊന്നിയുള്ള പ്രവർത്തനമാണ് ഭൂട്ടാനിൽ നടക്കുന്നതെന്ന് ഡോ. പി.പി. ബാലൻ പറഞ്ഞു. ജി.ഡി.പി.ക്ക് (മൊത്ത ആഭ്യന്തര വളർച്ച) പകരം ജി.എൻ.എച്ച്. (മൊത്ത ആഭ്യന്തര സന്തോഷം) എന്ന ഘടകത്തിലൂന്നിയാണ് ഭൂട്ടാനിലെ പ്രവർത്തനം. യു.എ.ഇ.യും ആനന്ദ മന്ത്രാലയം രൂപവത്കരിച്ചിരുന്നു. പൊതുജനങ്ങളുടെ സന്തോഷപ്രദമായ ജീവിതത്തിന് പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് ഈ മന്ത്രാലയം തയ്യാറാക്കുന്നത്.

ഇന്ത്യയിൽ ആദ്യമായി മധ്യപ്രദേശിൽ 2016-ൽ ശിവരാജ് സിങ് ചൗഹാൻ നേതൃത്വം നൽകിയ ബി.ജെ.പി. സർക്കാർ ഹാപ്പിനസ് ഡിപ്പാർട്ട്‌മെന്റ് തുടങ്ങിയിരുന്നു. കമൽനാഥിന്റെ നേതൃത്വത്തിൽ 2018-ൽ കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഇതിനെ ആത്മീയവകുപ്പാക്കി മാറ്റി. സാമൂഹിക സൗഹാർദവും സർവമത സമത്വവും ഉണ്ടാക്കുകയായിരുന്നു ലക്ഷ്യം. വീണ്ടും അധികാരത്തിലെത്തിയ ശിവരാജ് സിങ് ചൗഹാൻ കഴിഞ്ഞവർഷം കോവിഡിന്റെ പശ്ചാത്തലത്തിൽ മന്ത്രാലയത്തെ വീണ്ടും ഹാപ്പിനസ് ഡിപ്പാർട്ട്‌മെന്റ് ആക്കി. 53,000-ത്തോളം സന്നദ്ധപ്രവർത്തകർ വകുപ്പിനു കീഴിലിപ്പോൾ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്.

Content Highlights: Happiness Ministry Congress