ന്യൂഡല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ മൊഴി പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള അവ്യക്തത നീക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍.

ആക്രമണത്തില്‍ പാകിസ്താനിലെ ഭരണകൂട ഏജന്‍സികളുടെയും പാക് തീവ്രവാദി സംഘടനകളുടെയും പങ്ക് സംബന്ധിച്ച് കൃത്യമായ വിവരങ്ങളാണ് പാക് - അമേരിക്കന്‍ വംശജനായ ഹെ!ഡ്‌ലി നല്‍കിയിട്ടുള്ളതെന്ന് ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. പാകിസ്താനിലെ ഭരണകൂട ഏജന്‍സികളും അതിന് പുറത്തുള്ളവരും തമ്മിലുള്ള വ്യത്യാസവും ഇതോടെ ഇല്ലാതാകും.

രാജ്യത്ത് നടന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണത്തിന് ചുക്കാന്‍ പിടിച്ചതും ഇതിനായി ഗൂഢാലോചന നടത്തിയതും ആരൊക്കെയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഹെഡ്‌ലിയുടെ മൊഴിയോടെ ഇത് യുക്തിസഹമായ പരിസമാപ്തിയിലെത്തുമെന്നും മന്ത്രി പറഞ്ഞു.